വ്യാജ ഡോക്ടർ അറസ്റ്റിൽ
May 24, 2023, 20:19 IST

കൊച്ചി: തേവര മട്ടമ്മൽ പ്രദേശത്ത് മാസങ്ങളായി ഡോക്ടർ ചമഞ്ഞ് വ്യാജ ചികിത്സ നടത്തിയിരുന്ന പ്രതി പിടിയിൽ. വെസ്റ്റ് ബംഗാൾ സുബർനാപുർ സ്വദേശി ദിപൻകർ മൊണ്ഡാലിനെ (38)യാണ് സൗത്ത് സി.ഐ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പൈൽസ് ക്ലിനിക്ക് എന്ന ബോർഡ് സ്ഥാപിച്ച് അപ്പാർട്മെന്റിൽ ചികിത്സ നടത്തിവരുകയായിരുന്നു ഇയാൾ. എറണാകുളം തേവര ചക്കാലപറമ്പിൽ എന്ന പാർപ്പിട സമുച്ചയത്തിൽ ഒരാൾ അനധികൃതമായി ക്ലിനിക്ക് തുറന്ന് ചികിത്സ നടത്തുന്നതായി രഹസ്യവിവരം കിട്ടിയതിനെ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.
അന്വേഷണത്തിൽ പ്രതി യാതൊരു വിധ ലൈസൻസോ സർട്ടിഫിക്കറ്റോ കൈവശമില്ലാതെ അനധികൃത ചികിത്സ നടത്തി വരുകയാണെന്ന് വ്യക്തമായെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിൽനിന്ന് ടെലി മെഡിസിൻ കൺസൾട്ടിങ് മുഖേനയാണ് ക്ലിനിക്ക് നടത്തിവരുന്നതെന്ന് മൊഴി ലഭിച്ചതായി പൊലീസ് പറഞ്ഞു. പൊലീസ് റെയ്ഡിൽ പൈൽസിന് ചികിത്സ നടത്തുന്നതിനുള്ള ഉപകരണങ്ങളും മരുന്നുകളും കണ്ടെത്തിയിട്ടുണ്ട്.