കണ്ണൂരിലെ കള്ളനോട്ട്: രണ്ടുപേർ കൂടി അറസ്റ്റിൽ
കണ്ണൂർ: കണ്ണൂരിൽ കള്ളനോട്ട് പിടികൂടിയ സംഭവത്തിൽ മുഴുവൻ കണ്ണികളെയും പിടികൂടാൻ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. കേസിൽ രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. കാസർകോട് പടന്ന തെക്കേപ്പുറം ഈതാലയത്തിൽ ഹാരിസ് (38), എടച്ചാക്കൈ മുബാറക്ക് വില്ലയിൽ ഹാരിസ് (47) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
സിറ്റി പൊലീസ് കമീഷണർ അജിത്ത് കുമാറിന്റെ മേൽനോട്ടത്തിൽ കണ്ണൂർ എ.സി.പി സിബി ടോം, ടൗൺ പൊലീസ് ഇൻസ്പെക്ടർ കെ.സി. സുഭാഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ 10 അംഗ പ്രത്യേക സംഘം രൂപവത്കരിച്ചാണ് അന്വേഷണം നടത്തുന്നത്. ചന്തേര പൊലീസിന്റെ സഹായത്തോടെയാണ് പടന്ന സ്വദേശികളെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. കണ്ണൂരിലെ ബാറിൽ ബില്ലടക്കാൻ കള്ളനോട്ട് നൽകിയതോടെ പയ്യന്നൂർ കണ്ടോത്ത് സ്വദേശിയും പ്രവാസിയുമായ എം.എ. ഷിജു കഴിഞ്ഞയാഴ്ച അറസ്റ്റിലായതോടെയാണ് തട്ടിപ്പ് പുറത്താവുന്നത്.