തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പ്രളയസമാനമായ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് നിലവിലുള്ളത്.(Extremely Heavy Rain Warning In Kerala Red Alert Issued In Eight Districts)
അടുത്ത നാല് ദിവസവും സംസ്ഥാനത്തെ 14 ജില്ലകളിലും കനത്ത മഴ തുടരുമെന്നാണ് പ്രവചനം. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ എട്ട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 204.4 മില്ലീമീറ്ററിൽ കൂടുതൽ ലഭിക്കുന്ന അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.
മലപ്പുറം, തൃശൂർ, പാലക്കാട്, ആലപ്പുഴ എന്നീ ജില്ലകളിലാണ് നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലും ഓറഞ്ച് അലർട്ട് ബാധകമായിരിക്കും. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴയാണ് ഈ ജില്ലകളിൽ പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് നിലവിൽ യെല്ലോ അലർട്ട് ഉള്ളത്. ഇവിടെ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിച്ചേക്കാം. മഴ കനക്കാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും തീരദേശങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശം നൽകി.
തെക്കൻ കര്‍ണാടകയ്ക്കും സമീപ പ്രദേശങ്ങളിലും മുകളിലായി 5.8 കിലോമീറ്റർ ഉയരത്തിൽ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപമുള്ള ആന്ധ്രാപ്രദേശ് തീരപ്രദേശങ്ങൾക്കും മുകളിലായി 4.5 കിലോമീറ്റർ ഉയരത്തിൽ മറ്റൊരു ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു. കേരളത്തിൽ 2026 ആഗസ്റ്റ് 4 മുതൽ 8 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് (ആഗസ്റ്റ് 04) ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും; ആഗസ്റ് 4 മുതൽ 8 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആഗസ്റ്റ് 4, 5, 6 തീയതികളിൽ കേരളം – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.
ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ ആളുകൾ തയ്യാറാവണം. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
സ്വകാര്യ – പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കേണ്ടതാണ്.
ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർധിക്കാനുള്ള സാധ്യത മുന്നിൽ കാണണം. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കണം. റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകൂറായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കേണ്ടതാണ്. തങ്ങളുടെ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പിനായി കണ്ടെത്തിയ കെട്ടിടം സംഭവിച്ച വിവരം ബന്ധപ്പെട്ട റവന്യൂ-തദ്ദേശ സ്ഥാപന അധികാരികളിൽ നിന്ന് മുൻകൂറായി അറിഞ്ഞു വയ്‌ക്കേണ്ടതും അങ്ങോട്ടുള്ള സുരക്ഷിതമായ വഴി മനസിലാക്കി വയ്‌ക്കേണ്ടതുമാണ്.
Story Summary
The Indian Meteorological Department has issued an extremely heavy rainfall warning for Kerala, declaring a Red Alert in eight districts. Severe rain is expected to continue across all 14 districts for the next four days.


