തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോർഡുകൾ തിരുത്തിക്കുറിച്ചു. ഇന്നലത്തെ ഉപഭോഗം 117.15 ദശലക്ഷം യൂണിറ്റ് രേഖപ്പെടുത്തി. ഏറ്റവും ഉയർന്ന പ്രതിദിന ഉപഭോഗമാണിത്. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത ആദ്യമായി 6000 മെഗാവാട്ട് കടന്ന് 6033 മെഗാവാട്ടിൽ എത്തിയിരുന്നു.(Electricity consumption in Kerala hits all-time record again, Will there be a power cut?)
സംസ്ഥാനത്ത് പവർകട്ടിനോ ലോഡ് ഷെഡിംഗിനോ ഉള്ള സാഹചര്യമുണ്ടെന്ന് വൈദ്യുതി മന്ത്രി പറയുന്നു. എന്നാൽ ഇത് ഒഴിവാക്കാനുള്ള നടപടികൾ തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി. പവർ എക്സ്ചേഞ്ചുകളിൽ നിന്ന് വൈദ്യുതി ലഭിക്കാൻ പ്രയാസമായതിനാൽ ദീർഘകാല കോൺട്രാക്റ്റുകളിൽ ഏർപ്പെടാൻ റെഗുലേറ്ററി കമ്മീഷന്റെ അനുമതി തേടിയിട്ടുണ്ട്. ഏപ്രിൽ 22-ലെ പൊതു തെളിവെടുപ്പിന് ശേഷം ഇതിൽ തീരുമാനമാകും.
ഉപഭോഗം കുതിച്ചുയരുമ്പോഴും ആഭ്യന്തര ഉത്പാദനം കുറയുന്നു എന്നത് ആശങ്കയാണ്. ഡാമുകളിൽ സംഭരണശേഷിയുടെ 37 ശതമാനത്തിൽ താഴെ മാത്രമാണ് നിലവിൽ വെള്ളമുള്ളത്. വൈകുന്നേരത്തെ ആവശ്യം 300 യൂണിറ്റ് കൂടി കടന്നാൽ 15 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ.

