വീട്ടിൽനിന്ന് മോഷണം പോയ എട്ടു പവൻ സ്വർണാഭരണങ്ങൾ വീടിനു പിറകിലെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
![വീട്ടിൽനിന്ന് മോഷണം പോയ എട്ടു പവൻ സ്വർണാഭരണങ്ങൾ വീടിനു പിറകിലെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി](https://timeskerala.com/static/c1e/client/91214/uploaded/63912413604b442395de7128cd4d94f8.png)
വടകര: വീട്ടിൽനിന്ന് മോഷണം പോയ എട്ടു പവൻ സ്വർണാഭരണങ്ങൾ വീടിനു പിറകിലെ ബക്കറ്റിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. മേമുണ്ട ലോകനാർകാവിനു സമീപം കിടഞ്ഞോത്ത് അനിൽകുമാറിന്റെ വീട്ടിൽനിന്ന് മോഷ്ടിക്കപ്പെട്ട സ്വർണാഭരണമാണ് തിങ്കളാഴ്ച രാവിലെ വീടിനു പിറകിലെ ബക്കറ്റിൽ നിന്ന് കണ്ടെത്തിയത്. ശനിയാഴ്ച വീട്ടുകാർ പുറത്തുപോയ സമയത്താണ് അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങൾ മോഷണം പോയത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണമാല, ബ്രേസ് ലെറ്റ്, മോതിരം എന്നിവയാണ് മോഷണം പോയത്.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
കുടുംബാംഗങ്ങൾ ജോലിക്കും മറ്റുമായി വീടിന്റെ പിറകുവശത്തെ വാതിൽ ചാരി പുറത്തുപോയപ്പോഴാണ് സംഭവം നടന്നത്. വടകര പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് തിങ്കളാഴ്ച പുലർച്ച വീട്ടുകാർതന്നെ ബക്കറ്റിലെ വെള്ളത്തിൽ സ്വർണാഭരണങ്ങൾ കണ്ടത്. എസ്.ഐ കെ. മുരളീധരനും സംഘവും സ്ഥലത്തെത്തി ആഭരണങ്ങൾ കസ്റ്റഡിയിലെടുത്തു.