ഇരുവള്ളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ -ഹെൽത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ചേളന്നൂർ ഗ്രാമപഞ്ചായത്ത് ഇരുവള്ളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ -ഹെൽത്ത് പദ്ധതി വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇ-ഹെൽത്ത് പദ്ധതിയിലൂടെ ചികിത്സ ആവശ്യമുള്ളവർ ആശുപത്രിയിലേക്ക് വരുന്നതിന് പകരം സേവനങ്ങൾ വീടുകളിലേക്ക് എത്തിക്കുന്ന സമീപനമാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ആരോഗ്യ മേഖല ഒന്നാം സ്ഥാനത്താണ്. ഈ നേട്ടം നിലനിർത്താൻ രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ മേഖലയിലെ പുതിയ ചുവട് വെപ്പാണ് ഇ ഹെൽത്ത് പദ്ധതി. വീട്ടിലിരുന്ന് ഓൺലൈനായി ഒ. പി ടിക്കറ്റും ആശുപത്രി അപ്പോയ്ന്റ്മെന്റും എടുക്കാൻ ഇ -ഹെൽത്ത് വഴി സാധിക്കും. ആശുപത്രികളിലെ ക്യൂവും കാത്ത്നിൽപ്പും ഒഴിവാക്കാൻ പദ്ധതി സഹായകരമാവും.
ചടങ്ങിൽ യു.എച്ച്.ഐ.ഡി കാർഡ് വിതരണവും നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി നൗഷീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇ – ഹെൽത്ത് നോഡൽ ഓഫീസർ ഡോ. പി.പി പ്രമോദ് പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ പി. സുരേഷ് കുമാർ, സി.പി നൗഷീർ, പി.കെ കവിത, ഗ്രാമപഞ്ചായത്ത് അംഗം എൻ. രമേശൻ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. മെഡിക്കൽ ഓഫീസർ ഡോ.നിത്യ കെ.എസ് സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ സജി രേഖ നന്ദിയും പറഞ്ഞു.