Times Kerala

ഡ്രൈവിംഗ് സ്കൂൾ സമരം: ഗതാഗത മന്ത്രി ഡ്രൈവിംഗ് സ്കൂൾ ഉടമകളെ ചർച്ചയ്ക്ക് ക്ഷണിച്ചു

 
grw

മോട്ടോർ വാഹന വകുപ്പ് നടപ്പാക്കിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിങ് സ്‌കൂൾ ഉടമകൾ ആഹ്വാനം ചെയ്ത സമരം ശക്തമാകുമ്പോൾ ഒത്തുതീർപ്പ് ചർച്ച നടത്തി പ്രശ്‌നം പരിഹരിക്കാനൊരുങ്ങുകയാണ് സർക്കാർ. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ചൊവ്വാഴ്ച ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ എല്ലാ സംഘടനകളെയും ചർച്ചയ്ക്ക് ക്ഷണിച്ചു. ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് മന്ത്രിയുടെ ചേമ്പറിലാണ് ചർച്ച.

ഇന്തോനേഷ്യയിലായിരുന്ന മന്ത്രി തിങ്കളാഴ്ച രാവിലെയാണ് കേരളത്തിൽ തിരിച്ചെത്തിയത്. ചൊവ്വാഴ്ച ഓഫീസിലെത്തും. ഒത്തുതീർപ്പ് ചർച്ചയ്ക്ക് സർക്കാർ തയ്യാറല്ലെന്നും സമരം സ്വയം അവസാനിപ്പിക്കുമെന്നും മന്ത്രിയുടെ ഓഫീസ് കഴിഞ്ഞ ദിവസം വരെ ആവർത്തിച്ചിരുന്നു. സമരം 14 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് മന്ത്രി സമരക്കാരുമായി ചർച്ച നടത്താൻ തീരുമാനിച്ചത്. അതിനിടെ, ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിംഗ് സ്‌കൂളുകൾ നൽകിയ ഹർജി ഹൈക്കോടതി 21ന് പരിഗണിക്കും.കോടതി വിധി വരും വരെ സമരം ശക്തമായി നടത്താനാണ് സമരസമിതി ആലോചിക്കുന്നത്. സമരം തുടരുന്നതിനാൽ സംസ്ഥാനത്ത് പലയിടത്തും ഡ്രൈവിങ് ടെസ്റ്റുകൾ മുടങ്ങി. പ്രതിഷേധക്കാർ ഡ്രൈവിംഗ് ടെസ്റ്റിന് വാഹനങ്ങൾ വിട്ടുനൽകാത്തതിനാൽ ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയ നിരവധി അപേക്ഷകർക്ക് മടങ്ങിപ്പോകേണ്ടി വന്നു. മന്ത്രിയെ വിമർശിച്ച് സിപിഎം നേതാവ് എകെ ബാലനും രംഗത്തെത്തിയിരുന്നു. സമരത്തിന് സിഐടിയുവും പിന്തുണ പ്രഖ്യാപിച്ചു.

Related Topics

Share this story