വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റില്‍ തള്ളരുത്; ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി സര്‍ക്കാർ

തിരുവനന്തപുരം: ജീവനക്കാരുടെ വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റിലെ മാലിന്യകുട്ടയില്‍ തള്ളുന്നത് വിലക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇത് ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഒരു വിഭാഗം ജീവനക്കാര്‍ പതിവായി വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റില്‍ കൊണ്ടുവന്ന് തള്ളുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സെക്രട്ടേറിയറ്റിലെ മാലിന്യം വേര്‍തിരിക്കുമ്പോള്‍ പച്ചക്കറി വേസ്റ്റും, മീന്‍ അടക്കമുള്ളവയുടെ വേസ്റ്റും കണ്ടെത്തിയതായാണ് വിവരം. ഇതോടെ സെക്രട്ടേറിയറ്റിലെ ഹൗസ് കീപ്പിംഗ് സെല്ലാണ് സര്‍ക്കുലര്‍ ഇറക്കിയത്. ഇത് തുടര്‍ന്നാല്‍ മാലിന്യ കുട്ടകള്‍ സിസിടിവിയുടെ പരിധിയില്പെടുത്തുമെന്നും ഉത്തരവില്‍ പറയുന്നു.
സെക്രട്ടേറിയറ്റ് വളപ്പില്‍ നായ്ക്കള്‍ക്ക് ഭക്ഷണം നല്കി സംരക്ഷിക്കരുത്, കൊതുക് പെരുകുന്ന രീതിയില്‍ വെള്ളക്കുപ്പികളില്‍ അലങ്കാര ചെടികള്‍ വളര്‍ത്തരുത് തുടങ്ങിയ നിര്‍ദേശങ്ങളും സര്‍ക്കുലറിൽ വ്യക്തമാക്കുന്നുണ്ട്.