Times Kerala

ഡിമെൻഷ്യ സൗഹൃദ കേരളം: ‘ഓർമ്മത്തോണി’ പദ്ധതിയുമായി സാമൂഹിക നീതി വകുപ്പ്

 
ഡിമെൻഷ്യ സൗഹൃദ കേരളം: ‘ഓർമ്മത്തോണി’ പദ്ധതിയുമായി സാമൂഹിക നീതി വകുപ്പ്

ഡിമെൻഷ്യ/അൽഷിമേഴ്‌സ് ബാധിതരായ വയോജനങ്ങൾക്കായി ‘ഓർമ്മത്തോണി’ പദ്ധതിയുമായി സാമൂഹിക നീതി വകുപ്പ്. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഫെബ്രുവരി 15ന് തിരുവനന്തപുരം വഴുതക്കാട് വിമൻസ് കോളേജിൽ നടക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരള സാമൂഹ്യസുരക്ഷാ മിഷൻ മറ്റു വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന നൂതന പദ്ധതിയാണ് ഓർമ്മത്തോണി. ഡിമെൻഷ്യ സൗഹൃദ കേരളം സാക്ഷാത്കരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ഇതിന്റെ ഭാഗമായി ഫെബ്രുവരി രണ്ടു മുതൽ ‘വയോമിത്രം’ പദ്ധതിയ്ക്ക് കീഴിലെ ഡോക്ടർമാർ, ജീവനക്കാർ, നഗര തദ്ദേശസ്ഥാപനങ്ങളിലെ ആശാവർക്കർമാർ എന്നിവർക്ക് ഡിമെൻഷ്യ സംബന്ധിച്ച് പരിശീലനം നൽകും. ആരോഗ്യവകുപ്പ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ സർവകലാശാല എന്നിവയുടെ ആഭിമുഖ്യത്തിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധർ ഉൾപ്പെട്ട സംസ്ഥാനതല റിസോഴ്‌സ് ഗ്രൂപ്പാണ് പരിശീലനങ്ങൾ നൽകുക. ഫെബ്രുവരി 15നു ശേഷം ആശാപ്രവർത്തകർക്കുള്ള പരിശീലനം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

പരിശീലനഭാഗമായി ഡിമെൻഷ്യ ബാധിതർക്കും കെയർടേക്കർമാർക്കും ഈ മേഖലയിൽ പ്രവർത്തിക്കുന്ന സാമൂഹ്യപ്രവർത്തകർക്കും ഡിമെൻഷ്യ പരിചരണത്തെക്കുറിച്ചുള്ള വിശദവിവരങ്ങൾ ഉൾപ്പെടുത്തിയ  സാമഗ്രികൾ തയ്യാറാക്കി നൽകും. ഡിമെൻഷ്യ സംബന്ധിച്ച അവബോധത്തിനും പരിശീലനത്തിനും സഹായകമായ പ്രചരണ ഉപാധികളും ഇതിനൊപ്പം തയ്യാറാക്കും.

Related Topics

Share this story