സീനിയര്‍ സിറ്റിസണ്‍ ഇന്റിപെന്‍ഡന്‍സ്, വിമണ്‍ പവര്‍ സേവിങ്‌സ് അക്കൗണ്ടുകള്‍ അവതരിപ്പിച്ച് സിഎസ്ബി

കൊച്ചി: മുതിര്‍ന്ന പൗരന്‍മാര്‍ക്കും വനിതകള്‍ക്കും കൂടുതല്‍ മികച്ച ബാങ്കിങ് അനുഭവങ്ങള്‍ പ്രദാനം ചെയ്യാനായി സിഎസ്ബി ബാങ്ക് പ്രത്യേക സൗകര്യങ്ങളുള്ള സീനിയര്‍ സിറ്റിസണ്‍ ഇന്റിപെന്‍ഡന്‍സ്, വിമണ്‍ പവര്‍ സേവിങ്‌സ് അക്കൗണ്ട് എന്നിവ അവതരിപ്പിച്ചു. ലോക്കര്‍ വാടകയില്‍ ഇളവ്, സൗജന്യ എയര്‍പോര്‍ട്ട് ലോഞ്ച് സൗകര്യം, റൂപെ പ്രീമിയം ഡെബിറ്റ് കാര്‍ഡ് തുടങ്ങിയ സൗകര്യങ്ങള്‍ ഇവയിലുണ്ടാകും.

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രതിമാസം പത്തു ലക്ഷം രൂപ വരെ സൗജന്യ ക്യാഷ് ഡിപോസിറ്റ്, സിഎസ്ബി ബാങ്ക് എടിഎമ്മുകളില്‍ പരിധിയിലാത്ത എടിഎം ഇടപാടുകള്‍, നെറ്റ്, മൊബൈല്‍ ബാങ്കിങ് വഴി പരിധിയിലാത്ത ആര്‍ടിജിഎസ്, നെഫ്റ്റ് ഉപയോഗം, ഡീമാറ്റ് അക്കൗണ്ടില്‍ ആദ്യ വര്‍ഷം എഎംസി ഇളവ് തുടങ്ങിയവ ലഭിക്കും.
വനിതകള്‍ക്ക് വായ്പകളിലെ പലിശ നിരക്കിലും പ്രോസസ്സിങ് ഫീസിലും ഇളവു ലഭിക്കും. സിഎസ്ബി നെറ്റ് ബാങ്കിങ് വഴി സോവറിന്‍ ഗോള്‍ഡ് ബോണ്ട് വാങ്ങുമ്പോള്‍ നിരക്കിളവു ലഭിക്കും. ഡീമാറ്റ് അക്കൗണ്ടില്‍ ആദ്യ വര്‍ഷം എഎംസി ഇളവു നല്കും.
സാമ്പത്തിക സ്വാതന്ത്ര്യത്തിന് പ്രാധാന്യം നല്കുന്ന നടപടികളാണ് ബാങ്ക് കൈക്കൊളളുന്നതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ സിഎസ്ബി ബാങ്ക് റീട്ടെയില്‍ ബാങ്കിങ് മേധാവി നരേന്ദ്ര ദിക്ഷിത്ത് പറഞ്ഞു.