ക്രൈം നന്ദകുമാർ തന്റെ ജീവിതം തകർക്കുന്നു; കൊച്ചിയിൽ നടുറോഡിൽ യുവതിയുടെ ആത്മഹത്യാശ്രമം

തൃശൂർ സ്വദേശിനിയായ രജനിയെന്ന യുവതിയാണ് ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചത്. ക്രൈം നന്ദകുമാർ തന്റെ ജീവിതം തകർക്കുന്നു, നിരന്തരം ഉപദ്രവിക്കുന്നു എന്നായിരുന്നു ആത്മഹത്യാ ശ്രമത്തിനിടെ യുവതി പറഞ്ഞത്.
പെട്രോൾ ദേഹത്ത് ഒഴിച്ചതിനുശേഷം ഒരു കവറിൽ സൂക്ഷിച്ചിരുന്ന പൊടിയും ഇവർ കഴിച്ചു. പിന്നാലെ സ്ഥലത്തുണ്ടായിരുന്നവരും ഓട്ടോക്കാരും ചേർന്ന് യുവതിയെ തടയുകയായിരുന്നു. ഇതിനിടെ പൊലീസെത്തി യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. യുവതിയുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
ഇവർ ക്രൈം നന്ദകുമാറിന്റെ ഓഫീസിലെ മുൻ ജീവനക്കാരിയാണ്. തന്നെക്കുറിച്ചുള്ള വാർത്ത നന്ദകുമാർ ചാനലിൽ നൽകിയെന്നും മകളുടെ ദൃശ്യങ്ങൾ ഉൾപ്പെടെ പകർത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു.