Times Kerala

ഗോഡ്‌സെയെ മഹത്വവത്ക്കരിച്ച് കമന്റ്റ്; അധ്യാപികയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി ആര്‍ ബിന്ദു

 
ഗോഡ്‌സെയെ മഹത്വവത്ക്കരിച്ച് കമന്റ്റ്; അധ്യാപികയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി ആര്‍ ബിന്ദു

ഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയെ മഹത്വവത്ക്കരിച്ച് കമന്റിട്ട സംഭവത്തെ അപലപിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. ഗോഡ്‌സെയെക്കുറിച്ച് ഫേസ്ബുക്കില്‍ കമന്റിട്ട കോഴിക്കോട് എന്‍ഐടിയിലെ അധ്യാപികയുടെ പ്രവർത്തി അപമാനകരമാണ്. വിദ്യാര്‍ത്ഥികളിലേക്ക് ശരിയായ ചരിത്ര ബോധം നല്‍കേണ്ട ആളുകളാണ് അധ്യാപകര്‍. എന്നാല്‍ ഈ പ്രവൃത്തി തെറ്റായ സന്ദേശമാണ് സമൂഹത്തിലേക്ക് എത്തിക്കുക. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായതുകൊണ്ട് വിഷയത്തില്‍ നിയമപരമായി ഇടപെടാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കോഴിക്കോട് എന്‍ഐടി പ്രൊഫസറായ ഷൈജ ആണ്ടവനാണ് ഗോഡ്‌സെയെ മഹത്വവത്ക്കരിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കമന്റിട്ടത്. എസ് എഫ് ഐ സമർപ്പിച്ച പരാതിയില്‍ കുന്നമംഗലം പൊലീസ് 153 വകുപ്പ് പ്രകാരം അധ്യാപികയ്‌ക്കെതിരെ കേസെടുത്തിരുന്നു. മഹാത്മഗാന്ധി രക്തസാക്ഷിത്യവുമായി ബന്ധപ്പെട്ട ഫേയ്‌സ്ബുക്ക് പോസ്റ്റിലായിരുന്നു ഗോഡ്‌സെ അനുകൂല കമന്റ്. ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനം ഉണ്ട് എന്നതായിരുന്നു കമന്റ്. എന്‍ഐടി മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗം പ്രൊഫസറാണ് ഷൈജ ആണ്ടവൻ.

Related Topics

Share this story