നാടുനീളെ നടന്ന് 'പിരിവ്', കൈക്കൂലിയായി തേനും പുളിയും; കോടീശ്വരനായ വില്ലേജ് അസിസ്റ്റന്റ്

പാലക്കാട്: കൈക്കൂലി കേസില്‍ വിജിലന്‍സ് പിടിയിലായ 'കോടീശ്വരനായ' വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ്‌കുമാര്‍ നാടുനീളെ നടന്ന് കൈക്കൂലി വാങ്ങിയതായി ആരോപണം. പ്രദേശത്തെ വീടുകളില്‍ കയറിയിറങ്ങി ഇയാള്‍ കൈക്കൂലി വാങ്ങിയിരുന്നതായാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഏറ്റവും കുറഞ്ഞത് 500 രൂപയായിരുന്നു സുരേഷിന്റെ കൈക്കൂലി. പതിനായിരം രൂപ വരെ ഇയാള്‍ പലരില്‍നിന്നും വാങ്ങിയെടുത്തിരുന്നതായും നാട്ടുകാര്‍ ആരോപിച്ചു. കഴിഞ്ഞദിവസം സംസ്ഥാന സര്‍ക്കാരിന്റെ പരാതി പരിഹാര അദാലത്ത് നടക്കുന്നയിടത്ത് കൈക്കൂലി വാങ്ങുന്നതിനിടെയാണ് പാലക്കയം വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റ് വി.സുരേഷ്‌കുമാറിനെ വിജിലന്‍സ് പിടികൂടിയത്.
മണ്ണാര്‍ക്കാട്ട് സുരേഷ് താമസിക്കുന്ന വാടകമുറിയില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 17 കിലോ നാണയങ്ങള്‍ ഉള്‍പ്പെടെ 35 ലക്ഷം രൂപയാണ് പണമായി കണ്ടെടുത്തത്. ഇതിനുപുറമേ 71 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപങ്ങളും മറ്റു സമ്പാദ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. ആകെ ഒരു കോടിയിലധികം രൂപയുടെ അനധികൃത സമ്പാദ്യം ഇയാള്‍ക്കുണ്ടെന്നാണ് പ്രാഥമിക പരിശോധനയിലെ വിവരം.
പണം മാത്രമല്ല, തേനും കുടംപുളിയുമെല്ലാം സുരേഷ്‌കുമാര്‍ കൈക്കൂലിയായി വാങ്ങിയിരുന്നതായാണ് കണ്ടെത്തല്‍. ഇയാളുടെ വാടകമുറിയില്‍ നടത്തിയ പരിശോധനയില്‍ പത്തുലിറ്റര്‍ തേനാണ് കണ്ടെടുത്തത്. ഒരുലിറ്ററിന്റെ പത്തുകുപ്പികളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. വലിയ അളവില്‍ കുടംപുളിയും കണ്ടെടുത്തു. ഇതെല്ലാം വീട്ടില്‍ കൊണ്ടുപോകാനായി സൂക്ഷിച്ചതാണെന്നായിരുന്നു സുരേഷ്‌കുമാറിന്റെ മൊഴി.