മുതലപ്പൊഴി മണൽ നീക്കം ഉദ്യോഗസ്ഥ സംഘത്തെ സി.ഐ.ടി.യു പ്രവർത്തകർ തടഞ്ഞു

നിലവിലെ മണ്ണുമാന്തി യന്ത്രം ഉപയോഗപ്പെടുത്തിയുള്ള മണൽനീക്കം കാര്യക്ഷമമല്ലെന്നും ഡ്രഡ്ജറുകൾ എത്തിച്ച് കൂടുതൽ വേഗത്തിലാക്കണമെന്ന ആവശ്യവുമായാണ് പ്രതിഷേധക്കാർ രംഗത്തെത്തിയത്.
നിലവിൽ നടക്കുന്ന മണൽ മാറ്റൽ പ്രവർത്തനം വിലയിരുത്താനാണ് ഹാർബർ എഞ്ചിനയറിങ് വകുപ്പിലെയും അദാനി പോർട്ട് കമ്പനിയുടെയും പ്രതിനിധികൾ സ്ഥലം സന്ദർശിച്ചത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഡ്രഡ്ജറുകൾ എത്തിക്കുന്നതിന് കാലാവസ്ഥ അനുകൂലമല്ലെന്നും, കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിക്കാനുള്ള നടപടി ഉടൻ ഉണ്ടാകുമെന്നും അദാനി പോർട്ട് കമ്പനിയുടെ എൻജിനീയറിങ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ഡ്രഡ്ജർ എത്തിക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിന്നതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. അഞ്ചുതെങ്ങ്, ചിറയിൻകീഴ്, കഠിനംകുളം, കോസ്റ്റൽ പോലീസ് സംഘം സ്ഥലത്തെത്തി ഉദ്യോഗസ്ഥർക്ക് സംരക്ഷണമേകി.
വൈകുന്നേരം ഫിഷറീസ് ഡയറക്ടറുമായി ചേമ്പറിൽ ചർച്ച ചെയ്യാൻ അവസരമൊരുക്കാമെന്ന നിർദ്ദേശം ഉദ്യോഗസ്ഥ സംഘം മുന്നോട്ടുവെയ്ക്കുകയും ഈ ധാരണയിൽ സമരക്കാർ തൽക്കാലം പ്രതിഷേധം അവസാനിപ്പിച്ച് പിരിഞ്ഞുപോവുകയുമായിരുന്നു.