Times Kerala

 ജനങ്ങൾക്ക് ആശ്വാസമേകി ചാലക്കുടി താലൂക്ക് തല അദാലത്ത്

 
 ജനങ്ങൾക്ക് ആശ്വാസമേകി ചാലക്കുടി താലൂക്ക് തല അദാലത്ത്
 

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിനോടനുബന്ധിച്ച് ചാലക്കുടി കാർമ്മൽ ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചാലക്കുടി താലൂക്ക് തല കരുതലും കൈത്താങ്ങും അദാലത്ത് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അഴിമതിരഹിതവും കാര്യക്ഷമവുമായ ജനസേവനം പ്രാവൃത്തികമാക്കേണ്ടത് സ്വന്തം ഉത്തരവാദിത്തമാണെന്ന് ഉദ്യോഗസ്ഥർ തിരിച്ചറിയണമെന്ന് മന്ത്രി പറഞ്ഞു. പ്രാദേശികമായി ഉടലെടുക്കുന്ന പ്രശ്നങ്ങൾ പ്രാദേശികമായി തന്നെ പരിഹരിക്കാനുള്ള ഇടപെടലുകൾ നടത്താൻ സമൂഹത്തിലെ എല്ലാവരും തയ്യാറാവണമെന്നും മന്ത്രി കൂട്ടി ചേർത്തു.

അദാലത്തിൽ ലഭിച്ച 624 പരാതികളിൽ 312 എണ്ണം തീർപ്പായി. ബാക്കി പരാതികൾ അടിയന്തര നടപടികൾ സ്വീകരിക്കാനും തീർപ്പാക്കുന്നതിനും വേണ്ടി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ, പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കക്ഷേമ പാർലമെന്ററികാര്യ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ, ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ, സബ് കലക്ടർ മുഹമ്മദ് ഷെഫീഖ്, അസിസ്റ്റന്റ് കലക്ടർ വി എം ജയകൃഷ്ണൻ, എഡിഎം ടി മുരളി, റവന്യൂ ഡിവിഷണൽ ഓഫീസർ എം കെ ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് പരാതികൾ പരിഗണിച്ചത്. അർഹരായവർക്ക് മുൻഗണന റേഷൻ കാർഡുകളും അദാലത്തിൽ വിതരണം ചെയ്തു.

ഭൂമിയുടെ അവകാശിയാകാൻ ഒരുങ്ങി സുന്ദരം

അര നൂറ്റാണ്ടിലേറെയായി സ്വന്തമെന്നു കരുതിയ ഭൂമിക്ക് രേഖകളിൽ പട്ടയം ഇല്ല, ആധാരം അടക്കം കൃത്യമായ രേഖകൾ ഒന്നുമില്ല, ജീവിക്കാൻ കൃത്യമായ വരുമാനമോ കയറിക്കിടക്കാൻ മറ്റൊരു ഇടമോ ഇല്ലാത്ത വൃദ്ധദമ്പതികളായ സുന്ദരത്തിനും രമണിക്കും അക്ഷരാർത്ഥത്തിൽ കരുതലും കൈത്താങ്ങും ആകുകയായിരുന്നു ചാലക്കുടി കാർമൽ ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അദാലത്ത്. രേഖകൾ ഒന്നും കൈവശമില്ലാതിരുന്ന ജൂബിലി പട്ടയം ആയിരുന്നു സുന്ദരത്തിന്റെ കൈവശം ഉണ്ടായിരുന്നത്. 50 വർഷമായി കൈവശമുള്ള ഭൂമി പോക്ക് വരവ് ചെയ്തു കിട്ടാനാണ് ഭാര്യ രമണിക്കൊപ്പം വരന്തരപ്പിള്ളി വേലുപ്പാടം സ്വദേശിയായ സുന്ദരം കരുതലും കൈത്താങ്ങും അദാലത്തിലെത്തിയത്. എന്നാൽ കൃത്യമായ രേഖകൾ ഇല്ലാത്ത ഭൂമി പോക്കുവരവ് ചെയ്ത് കിട്ടാൻ മാർഗ്ഗമില്ല. ഒരു തുണ്ട് ഭൂമി പോലും സ്വന്തമില്ലാത്ത ഈ വൃദ്ധ ദമ്പതികളുടെ അവസ്ഥ നേരിട്ട് മനസ്സാക്കിയ റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഒരു മാസത്തിനുള്ളിൽ പുതിയ പട്ടയം അനുവദിക്കാൻ ഉത്തരവിടുകയായിരുന്നു.

മുൻഗണനാ കാർഡുകൾ വിതരണം ചെയ്തു

ചാലക്കുടി താലൂക്ക് തല പരാതി പരിഹാര അദാലത്തിൽ മുൻഗണനാ വിഭാഗത്തിൽപെട്ട 15 റേഷൻ കാർഡുകൾ വിതരണം ചെയ്തു. റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ, പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കക്ഷേമ പാർലമെന്ററികാര്യ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ, ഉന്നത വിദ്യാഭ്യാസം സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു എന്നിവർ ചേർന്ന് കാർഡുകളുടെ വിതരണം നിർവഹിച്ചു. ചികിത്സാസഹായത്തിൽ ഉൾപ്പെടുത്തി മൂന്ന് പേർക്ക് മുൻഗണന കാർഡുകളും 12 പേർക്ക് മുൻഗണനാ റേഷൻ കാർഡുകളുമാണ് വിതരണം ചെയ്തത്.

121 കുടുംബങ്ങളുടെ ദുരിതത്തിന് കൈത്താങ്ങായി അദാലത്ത്

കൊരട്ടി പഞ്ചായത്തിലെ 121 കുടുംബങ്ങളുടെ പട്ടയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി യോഗം ചേരും. കൊരട്ടി പഞ്ചായത്തിലെ നാലുകെട്ട് ദേശത്ത് 6, 7 വാർഡുകളിലായി കന്നുകാലിമേച്ചിൽപുറമായി രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലം തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നും റവന്യു വകുപ്പിന് വിട്ടുകൊടുക്കാൻ (ഡിവെസ്റ്റ്) വേണ്ട നടപടികൾ ദ്രുതഗതിയിലാക്കാൻ യോഗം ജൂൺ 2 ന് രാവിലെ കളക്ടറിന്റെ ചേംബറിൽ ചേരും.

തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ, കൊരട്ടി പഞ്ചായത്ത് സെക്രട്ടറി, തഹസിൽദാർ എന്നിവർ യോഗത്തിൽ പങ്കെടുക്കണമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അദാലത്തിൽ നിർദ്ദേശിച്ചു. ഒരു മാസത്തിനുള്ളിൽ ഭൂമി വിട്ടുകൊടുക്കൽ നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജയെ ചുമതലപ്പെടുത്തുകയും ചെയ്തു.

60 വർഷത്തിലേറെ ആയി 121 കുടുംബങ്ങൾ കഴിയുന്ന ഇടം രേഖകളിൽ കന്നുകാലി മേച്ചിൽപ്പുറമാണ്. പൂർവികസ്വത്തായി കൈമാറി വരുന്ന ഭൂമിയാണ്. ഇതിൽ 13 കുടുംബങ്ങളുടെ ഭൂമി വിട്ടുകൊടുക്കൽ നടപടികൾ പൂർത്തീകരിച്ചതാണ്. ബാക്കി വരുന്ന 108 കുടുംബങ്ങളുടെ ഭൂമി സർക്കാരിലേക്ക് വിട്ടുകൊടുക്കാൻ വേണ്ട നടപടികൾ പൂർത്തിയാക്കുന്ന മുറയ്ക്ക് 121 കുടുംബങ്ങൾക്കും പട്ടയം ലഭിക്കും. നൂറുകണക്കിന് വരുന്ന കുടുംബങ്ങൾക്ക് വേണ്ടി ടി വി രാമകൃഷ്ണൻ, ടി ടി ദേവസി എന്നിവരാണ് ചാലക്കുടിയിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തിൽ പരാതികളുമായി എത്തിയത്.

ചർച്ചിലിന്റെ കണ്ണുകളിൽ പ്രതീക്ഷയുടെ വെട്ടം

ആളൂർ പഞ്ചായത്തിലെ ഭിന്നശേഷിക്കാരനായ ചർച്ചിലിനും കൈത്താങ്ങായത് സർക്കാരിന്റെ പ്രശ്നപരിഹാര അദാലത്ത്. ജന്മനാ കാഴ്ചശക്തിയില്ലാത്ത ചർച്ചിലിന് ഡിസെബിലിറ്റി പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചിരുന്നില്ല. ഏറെ നാളായി മുടങ്ങിക്കിടന്ന ഡിസെബിലിറ്റി പെൻഷൻ അടിയന്തരമായി ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് മന്ത്രി ആർ ബിന്ദു ആളൂർ പഞ്ചായത്തിന് നിർദ്ദേശം നൽകി. കൂടാതെ ബിപിഎൽ കാർഡിന് അർഹതയുണ്ടെന്ന് മനസ്സിലാക്കി അടിയന്തര നടപടി സ്വീകരിക്കുവാനും നിർദേശിച്ചു.

കോടശ്ശേരി നിവാസികൾക്ക് ആശ്വാസമായി കരുതലും കൈത്താങ്ങും

കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ നിർമ്മാണം വിലക്കി കൊണ്ടുള്ള ഉത്തരവ് പുനഃപരിശോധന നടത്താൻ ചാലക്കുടി കാർമൽ സ്കൂളിൽ നടന്ന കരുതലും കൈതങ്ങും അദാലത്തിൽ തീരുമാനമായി. 2018 ലെ പ്രകൃതിദുരന്തത്തെ നേരിട്ട കോടശ്ശേരി പഞ്ചായത്തിൽ നിർമ്മാണം വിലക്കി കൊണ്ടുള്ള ഉത്തരവ് നിലനിൽക്കുകയാണ്. മുന്നൂറോളം കുടുംബങ്ങളാണ് ഈ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യവുമായി അദാലത്തിലെത്തിയത്. ജീർണാവസ്ഥയിലായ മേപ്പടിപാടം സെന്റ് ജോസഫ് പള്ളിയുടെ അടക്കം നിരവധി നിർമ്മാണ പ്രവർത്തനങ്ങളാണ് അനിശ്ചിതത്വത്തിൽ ആയിരിക്കുന്നത്.

ജില്ലാ കലക്ടർ സ്ഥലം സന്ദർശിച്ച വിലയിരുത്തൽ നടത്താനും എസ് ഡി എം എ (ദുരന്ത നിവാരണ സമിതി)യെ കൊണ്ട് സ്ഥലം പുനഃ പരിശോധിച്ചു അടിയന്തര നടപടി സ്വീകരിക്കാനും റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഉത്തരവിട്ടു. ഈ വിഷയവുമായി ബന്ധപ്പെട്ട് അടിയന്തര യോഗം ജൂൺ മാസത്തിൽ ചേരാനും അദാലത്തിൽ തീരുമാനമായി. കോടശ്ശേരി പഞ്ചായത്തിലെ നൂറുകണക്കിന് കുടുംബങ്ങളുടെ ആവശ്യമാണ് അദാലത്തിൽ പരിഗണിക്കപ്പെട്ടത്.

Related Topics

Share this story