സഹോദരിയെ കാണാനെത്തി, വീട്ടുകാരുമായി തർക്കം: വീടുകയറി ആക്രമിച്ച കേസിലെ പ്രതികൾ 18 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍
Mar 17, 2023, 09:48 IST

നെടുങ്കണ്ടം: വീടുകയറി ആക്രമിച്ച കേസിലെ പ്രതികളായ സഹോദരന്‍മാരെ 18 വര്‍ഷത്തിന് ശേഷം അറസ്റ്റിൽ. മലപ്പുറം ജില്ലയിലെ താനൂര്‍ പുതിയ കടപ്പുറം വീട്ടില്‍ മുഹമ്മദ് റാഫി (48), ഷിഹാബ് അലി (42) എന്നിവരെയാണ് തമിഴ്‌നാട് വെല്ലൂരില്‍ നിന്ന് നെടുങ്കണ്ടം പൊലീസ് പിടികൂടിയത്. 2005-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇവരുടെ സഹോദരിയെ മലപ്പുറത്ത് നിന്നും വിവാഹം കഴിപ്പിച്ച് അയച്ചത് പാമ്പാടുംപാറ വട്ടപ്പാറ സ്വദേശിയ്ക്കായിരുന്നു. സഹോദരിയെ കാണാന്‍ എത്തിയ സഹോദരന്‍മാരും വീട്ടുകാരും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് അക്രമണത്തില്‍ കലാശിച്ചത്.
സഹോദരിയുടെ ഭര്‍ത്താവിന്റെ അമ്മയുടെ പരാതി പ്രകാരമാണ് നെടുങ്കണ്ടം പൊലീസ് കേസെടുത്തത്. വിചാരണ കാലയളവില്‍ മലപ്പുറത്ത് നിന്നും താമസം മാറിയപ്പോയതിനെ തുടര്‍ന്ന് നിരവധി സമന്‍സുകള്‍ അയച്ചുവെങ്കിലും ഒന്നും ഇവര്‍ കൈപ്പറ്റാതെ വന്നതോടെ വാറണ്ട് ആകുകയായിരുന്നു. പ്രതികളെ പിടികൂടുന്നതിനായി ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം സ്‌പെഷ്യല്‍ അന്വേഷണ സംഘം രൂപീകരിച്ച് മലപ്പുറത്ത് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ സ്ഥലം വിറ്റ് പോയിട്ട് വര്‍ഷങ്ങളായെന്നും, തുടര്‍ അന്വേഷണത്തില്‍ തമിഴ്‌നാട് വെല്ലൂര്‍ ഭാഗത്ത് ഉണ്ടെന്നും മനസ്സിലാവുകയായിരുന്നു.തുടര്‍ന്ന്, വെല്ലൂര്‍ മേഖലയില്‍ നടത്തിയ അന്വേഷണത്തിലാണ് വ്യാപാരം നടത്തുന്ന സഹോദരങ്ങളായ പ്രതികളെ 18 വർഷങ്ങൾക്ക് ശേഷം അന്വേഷണ സംഘം കണ്ടെത്തിയത്. അന്വേഷണ സംഘത്തില്‍ ജയേഷ്, അന്റണി, ബെയ്‌സില്‍ എന്നിവരും ഉണ്ടായിരുന്നു.
