വീട് കുത്തിത്തുറന്ന് മോഷണം; കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ
Sat, 18 Mar 2023

വടകര: വീട് കുത്തിത്തുറന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. വയനാട് അമ്പലവയൽ പുതുക്കാട് കോളനിയിൽ കുട്ടി വിജയൻ എന്ന 45-കാരനെയാണ് വടകര എസ്.ഐ കെ.എം. രവിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോട്ടക്കടവ് ഗേറ്റിന് സമീപത്തെ വീട്ടിൽനിന്നും മാർച്ച് നാലിന് വീടിന്റെ മുൻഭാഗത്തെ ഗ്രില്ലും വാതിലും തകർത്ത് മൂന്ന് പവൻ സ്വർണവും 50,000 രൂപയും മോഷ്ടിച്ച കേസിലാണ് പ്രതി പിടിയിലായത്. കോഴിക്കോട് കുറ്റിക്കാട്ടൂരിലെ പൈങ്ങോട്ട് റോഡിലെ വാടക ക്വാർട്ടേഴ്സിൽ താമസിച്ചു വരുകയായിരുന്ന പ്രതിയെ വിരലടയാളം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. സംസ്ഥാനത്തിെന്റ വിവിധ ഭാഗങ്ങളിലുള്ള പത്തോളം മോഷണ കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.