Times Kerala

തൃശൂർ ജില്ലാ പഞ്ചായത്തിന് 113 കോടിയുടെ ബജറ്റ്: നിരാശ്രയർക്ക് താങ്ങായി ജനകീയ ബജറ്റ്
 

 
f


തൃശ്ശൂർ ജില്ലാ പഞ്ചായത്തിൻ്റെ 2024-25 വർഷത്തെ ബജറ്റ് വൈസ് പ്രസിഡൻ്റ് ലത ചന്ദ്രൻ അവതരിപ്പിച്ചു. 115,86,82,307 രൂപ വരവും 113,94,17,900 രൂപ ചെലവും 1,92,64,407 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.

നിരാശ്രയരും ആലംബഹീനർക്കും തലചായ്ക്കാൻ ഒരിടം നൽകുന്ന ലൈഫ് ഭവന നിർമ്മാണ പദ്ധതിക്ക് സർവ്വവിധ പിന്തുണയും ബജറ്റ് നൽകുന്നു. രണ്ടായിരത്തിലധികം ഗുണഭോക്താക്കൾക്ക് ഭവന നിർമ്മാണത്തിന് വിഹിതം നൽകുന്നതിനായി 20 കോടി രൂപ ബജറ്റിൽ നീക്കി വെച്ചിട്ടുണ്ട്.
പട്ടികജാതി വിഭാഗത്തിന്റെ സർവ്വതല ഉന്നമനത്തിനായി 30 കോടി രൂപ ബജറ്റിൽ വകയിരുത്തി. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ഭവന നിർമ്മാണത്തിന് വിഹിതം നൽകുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്.

2025 അവസാനത്തോടെ അതിദരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെട്ട ഭവനം ആവശ്യമുള്ള എല്ലാവർക്കും ലൈഫ് ഭവന നിർമ്മാണ പദ്ധതിയിലൂടെ ഭവനം ഉറപ്പുവരുത്തുന്നതിനും ജില്ലാ പഞ്ചായത്ത് ലൈഫ് പദ്ധതികൾക്കായി തുക വകയിരുത്തിയിട്ടുണ്ട്.

തൃശ്ശൂർ പൂരത്തിന് ജില്ലാ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കാൻസർ വിമുക്ത തൃശ്ശൂർ എന്ന ലക്ഷ്യം മുൻനിർത്തി നടപ്പാക്കി വരുന്ന ക്യാൻ - തൃശ്ശൂർ  പദ്ധതിക്കായി 50 ലക്ഷം രൂപ ഉൾപ്പെടെ ആരോഗ്യ മേഖലയ്ക്ക് 2 കോടി രൂപ നീക്കിവെച്ചു. ജില്ലാ പഞ്ചായത്തിന്റെ അഭിമാന പദ്ധതിയായ വിജ്ഞാൻ സാഗറിൻ്റെ പ്രവർത്തനങ്ങളും വിപുലീകരിക്കും. റോഡുകളുടെ നിർമ്മാണത്തിന് നാലു കോടി രൂപയും പരിപാലനത്തിന് 20 കോടി രൂപയും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് 1.75 കോടി രൂപയും ബജറ്റിൽ മാറ്റിവെച്ചിട്ടുണ്ട്.

Related Topics

Share this story