ബ്രഹ്മപുരം തീപിടുത്തം: 24 മണിക്കൂറും കൺട്രോൾ റൂമുകൾ സജീവം

 ബ്രഹ്മപുരം തീപിടുത്തം: 24 മണിക്കൂറും കൺട്രോൾ റൂമുകൾ സജീവം
 

ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച് ആരോഗ്യ വകുപ്പിന്റെ കൺട്രോൾ റൂമുകൾ. ജില്ലാ മെഡിക്കൽ ഓഫീസിലും കളമശ്ശേരി മെഡിക്കൽ കോളേജിലുമായി മാർച്ച് 5 മുതൽ രണ്ട് കൺട്രോൾ റൂമുകളാണ് പ്രവർത്തിക്കുന്നത്.

ശ്വാസകോശ സംബന്ധിയായ ബുദ്ധിമുട്ടുകൾ ഉൾപ്പടെ നേരിടുന്നവർക്ക് ചികിത്സ തേടുന്നതിനായി 24 മണിക്കൂർ സേവനമാണ് ഒരുക്കിയിട്ടുള്ളത്. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പ്രവർത്തനം.  ഫോൺമുഖേനെയാണ് വേണ്ട നിർദ്ദേശം നൽകുന്നത്. കൂടുതൽ ചികിത്സ ആവശ്യമുള്ളവരെ മെഡിക്കൽ കോളേജിലേക്കോ കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ സ്പെഷ്യാലിറ്റി റെസ്പോണ്ട്സ്  സെന്ററിലേക്കോ റഫർ ചെയ്യും. പുക മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നവർക്കായി മെഡിക്കൽ കോളേജിൽ പ്രത്യേക വാർഡുമുണ്ട്.

കളമശ്ശേരി മെഡിക്കൽ കോളേജിലെ കൺട്രോൾ റൂമിലേക്ക് 8075774769 എന്ന നമ്പറിലും ഡി.എം.ഒ ഓഫീസിലെ കൺട്രോൾ റൂമിലേക്ക് 0484 2360802 എന്ന നമ്പറിലുമാണ് ബന്ധപ്പെടേണ്ടത്. മെഡിക്കൽ കോളേജിൽ മൂന്ന് ഷിഫ്റ്റുകളിലായി ഡോക്ടർമാരുടെ സേവനവും ഡി.എം.ഒ ഓഫീസിൽ മൂന്ന് ഷിഫ്റ്റുകളിലായി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുമാണ് ഉള്ളത്.

Share this story