മാട്ടുപ്പെട്ടി ജലാശയത്തിൽ ബോട്ടുകൾ കൂട്ടിയിടിച്ചു
Wed, 24 May 2023

മൂന്നാർ: മാട്ടുപ്പെട്ടി ജലാശയത്തിൽ ബോട്ടുകൾ കൂട്ടിയിടിച്ച് അപകടം. ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു അപകടം സംഭവിച്ചത്. വിനോദസഞ്ചാരികളുമായി പോയ ഡി.ടി.പി.സി.യുടെയും ഹൈഡൽ ടൂറിസത്തിന്റെയും സ്പീഡ്ബോട്ടുകൾ ബോട്ട്ജെട്ടിയിൽ നിന്ന് മുക്കാൽ കിലോമീറ്ററോളം അകലെ ജലാശയമധ്യത്തിലാണ് കൂട്ടിയിടിച്ചത്.
ഹൈഡൽ ടൂറിസത്തിന്റെ ബോട്ടുകൾക്ക് മുന്നിലും ഡി.ടി.പി.സി ബോട്ടുകൾക്ക് പിന്നിലുമാണ് എൻജിൻ ഘടിപ്പിക്കുന്നത്. മുന്നിൽ എൻജിനുള്ള ബോട്ടുകളിൽ ഡ്രൈവർ മുൻഭാഗത്ത് യാത്രക്കാർക്ക് പുറംതിരിഞ്ഞിരിക്കുന്നതിനാൽ യാത്രക്കാർ എഴുന്നേറ്റാൽ അറിയില്ല. അതിനാൽ യാത്രക്കാർ ആവശ്യപ്പെട്ടാൽ ഫോട്ടോയെടുക്കാൻ ഈ ബോട്ടുകൾ നിർത്തിയിടും. ഇങ്ങനെ നിർത്തിയിട്ട ബോട്ടിൽ പിന്നാലെ വന്ന ബോട്ട് ഇടിക്കുകയായിരുന്നു. ഈ സമയത്ത് എഴുന്നേറ്റുനിന്ന് ഫോട്ടോ എടുക്കുകയായിരുന്ന തമിഴ്നാട് സ്വദേശിക്ക് നേരിയ പരിക്കേറ്റു. ബോട്ടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.