ബിജെപി വക്താവ് സന്ദീപ് വാര്യരുടെ വീട്ടില്‍ അപരിചിതന്‍ അതിക്രമിച്ച് കയറി; ദൃശ്യങ്ങൾ പുറത്ത്

 ബിജെപി വക്താവ് സന്ദീപ് വാര്യരുടെ വീട്ടില്‍ അപരിചിതന്‍ അതിക്രമിച്ച് കയറി; ദൃശ്യങ്ങൾ പുറത്ത് 
 

പാലക്കാട്: ബിജെപി വക്താവ് സന്ദീപ് വാര്യരുടെ വീട്ടില്‍ അപരിചിതന്‍ അതിക്രമിച്ച് കയറി. സന്ദീപിന്റെ പാലക്കാട്, ചെത്തല്ലൂരിലെ വീട്ടിലാണ് അപരിചിതന്‍ അതിക്രമിച്ച് കയറിയത്. അദ്ദേഹത്തിന്റെ അച്ഛനും അമ്മയും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഞായറാഴ്ച പുലര്‍ച്ചെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. സന്ദീപ് തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

'ഇന്ന് പുലർച്ചെ പ്രായമായ  അച്ഛനും അമ്മയും താമസിക്കുന്ന ചെത്തല്ലൂരിലെ വീട്ടിൽ അതിക്രമിച്ച് കയറിയ അപരിചതൻ്റെ ദൃശ്യങ്ങൾ സിസിടിവിയിൽ ലഭിച്ചു . വധഭീഷണി ഉയർന്ന സാഹചര്യത്തിൽ ഇതു സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അച്ഛൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്' എന്നായിരുന്നു അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചത്. 

സന്ദീപിന് വധഭീഷണിയുള്ളതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. വീട്ടിലെത്തിയ അപരിചിതന്റെ മുഖം വ്യക്തമാണെങ്കിലും ആരാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്തിനാണ് സന്ദീപിന്റെ വീട്ടിലെത്തിയതെന്നും വ്യക്തമല്ല.

Share this story