കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി; ഭൂമിയിടപാട് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
Fri, 17 Mar 2023

ന്യുഡല്‍ഹി: എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാട് കേസില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി. കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ഇതുസംബന്ധിച്ച ഹൈക്കോടതി വിധി റദ്ദാക്കണമെന്ന ആവശ്യവും തള്ളി. ഇതോടെ കര്‍ദിനാള്‍ വിചാരണ നേരിടേണ്ടി വരുമെന്ന് വ്യക്തമായി.
ജസ്റ്റീസുമാരായ ദിനേശ് മഹേശ്വരി, ബേല എം.ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. കാക്കനാട് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസുകളിലെ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ദിനാള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ആലഞ്ചേരിയുടെ ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ചില തുടർ ഉത്തരവുകളിൽ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി.
സിറോ മലബാർ സഭയുടെ ഭൂമി ഇടപാടുകളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ജോഷി വർഗീസാണ് ഹർജി നൽകിയത്. ആലഞ്ചേരി ഉൾപ്പെടെ 24പേരാണ് കേസിലെ പ്രതികൾ. ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതി പട്ടികയിൽ ഉണ്ട്. ആധാരം വിലകുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്നാണ് ഇ ഡി കേസ്. നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ് സഭയ്ക്ക് 6.5 കോടി പിഴ ചുമത്തിയിരുന്നു.