നവസംരഭകർക്ക് താങ്ങായി മേളയിലെ ബി 2 ബി, ഡി.പി.ആർ ക്ലിനിക്കുകൾക്ക് തുടക്കം

നവ സംരംഭകർക്ക് താങ്ങേകി മേളയിലെ ബിസിനസ് ടു ബിസിനസ്, ഡി. പി. ആർ ക്ലിനിക്കുകൾക്ക് തുടക്കമായി. ബി ടു ബി മീറ്റിന്റെയും ഡി. പി. ആർ ക്ലിനിക്കിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലെ ജില്ലാ വ്യവസായ കേന്ദ്രം സ്റ്റാളിലാണ് സംരംഭകർക്കായി ബിസിനസ് ടു ബിസിനസ് മീറ്റുകളും ഡി. പി. ആർ ക്ലിനിക്കുകളും പ്രവർത്തിക്കുന്നത്. നവസംരംഭകർക്കായി ഡി. പി. ആർ ക്ലിനിക്കിന്റെ നേതൃത്വത്തിൽ തയാറാക്കിയ പത്തൊൻപതോളം പദ്ധതികളുടെ വിതരണവും പ്രസിഡന്റ് നിർവഹിച്ചു.
സംസ്ഥാനത്ത് ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന സംസ്ഥാന സർക്കാർ പദ്ധതിക്ക് പിന്നാലെ ഉത്പാദന, സേവന, വ്യാപാര മേഖലകളിലായി 1,34,540 പുതിയ സംരംഭങ്ങൾക്കാണ് സംസ്ഥാനത്താകമാനം തുടക്കമിട്ടത്. ഇതിൽ ജില്ലയിൽ മാത്രമായി 8000 സംരംഭങ്ങൾ ഉൾപ്പെടുന്നു. ഇത്തരത്തിൽ സംസ്ഥാനത്താകമാനം ആരംഭിച്ച സംരഭങ്ങളുടെ നിലനിൽപ്പ് ഉറപ്പാക്കുന്നതിനും ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനായി മാർക്കറ്റുകൾ കണ്ടെത്താനുമാണ് ബിസിനസ് ടു ബിസിനിസ് മീറ്റുകൾ സംഘടിപ്പിക്കുന്നത്.
പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കായി വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കി നൽകുന്നതിനായി ഡി. പി. ആർ ക്ലിനിക്കിന്റെ സേവനവും ഒരുക്കിയിരിക്കുന്നു.
ജില്ലാ വ്യവസായ കേന്ദ്രം ബിസിനസ് ടു ബിസിനസ് സ്റ്റാളിൽ നടന്ന ചടങ്ങിൽ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എം. വി. ലൗലി അധ്യക്ഷയായി. കെ. എസ്.എസ്. ഐ. എ മുൻ സംസ്ഥാന പ്രസിഡന്റ് സേവ്യർ തോമസ് കൊണ്ടോടി, കോട്ടയം ലീഡ് ബാങ്ക് മാനേജർ എം. അലക്‌സ്, കെ. എഫ്. സി ചീഫ് മാനേജർ എ. സി. ജോർജ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജർമാരായ പി കെ ശാലിനി, എം പ്രവീൺ, കെ എസ് അജിമോൻ, അർജുനൻ പിള്ള എന്നിവർ പങ്കെടുത്തു.