മാരകായുധങ്ങളുമായി ആക്രമണം നടത്തിയവർ പിടിയിൽ
Thu, 16 Mar 2023

അഞ്ചാലുംമൂട്: മുൻവിരോധം മൂലം മാരകായുധങ്ങളുമായി ആക്രമണം നടത്തിയ സംഘത്തിൽ ഉൾപ്പെട്ടവർ പൊലീസ് പിടിയിൽ. പനയം തെക്കേവീട്ടിൽമുക്ക് കലേഷ് ഭവനിൽ എം. മഹേഷ് (29), പനയം കോവിൽമുക്ക് മഞ്ജു ഭവനിൽ എസ്. റജിലാൽ (37) എന്നിവരെയാണ് അഞ്ചാലുംമൂട് പോലീസ് പിടികൂടിയത്. പനയം സുമൻ ഭവനിൽ സുമനെയാണ് പ്രതികൾ സംഘം ചേർന്ന് ആക്രമിച്ചത്. കഴിഞ്ഞ വർഷം പ്രതികൾ ഉൾപ്പെട്ട സംഘം സുമന്റെ വീടിന് സമീപത്തുള്ള ഒരു യുവാവിനെ ദേഹോപദ്രവം ഏൽപിക്കാൻ ശ്രമിച്ചത് സുമൻ ചോദ്യംചെയ്തിരുന്നു. ഈ വിരോധത്തിൽ കഴിഞ്ഞ എട്ടിന് ആലുംമൂട് സ്കൂളിന് സമീപമുള്ള വെയിറ്റിങ് ഷെഡിൽ ഇരിക്കുകയായിരുന്ന സുമനെ പ്രതികൾ സംഘം ചേർന്ന് കമ്പി വടിയും മറ്റ് മാരകായുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നു. കമ്പിവടി കൊണ്ടുള്ള ആക്രമണത്തിൽ തറയിൽ വീണ ഇയാളെ തലക്കും അടിച്ചു. ആക്രമണത്തിൽ ഇയാളുടെ കൈക്ക് ഒടിവും ദേഹമാസകലം പരിക്കുമുണ്ടായി. സംഘത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികൾ ഒളിവിലാണ്. ഇവർക്കായുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കി.