പെൺകുട്ടിയെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്തതിന് മർദനം; നാലുപേർ അറസ്റ്റിൽ
Sep 6, 2023, 09:39 IST

കൊച്ചി: പെണ്‍കുട്ടിയെ മര്‍ദിക്കുന്നത് ചോദ്യം ചെയ്ത രണ്ടുപേരെ ആക്രമിച്ച കേസിൽ നാല് യുവാക്കള്‍ അറസ്റ്റില്‍. ചേര്‍ത്തല സ്വദേശികളായ നെടുമ്പ്രക്കാട് തെക്കെനികത്തിൽ അഭിജിത്(21), പുതുവൽനികത്തിൽ നിധിന്(21), വാരണാട് ഓങ്കാരേശ്വരം നികത്തിൽ അജയ്(21), തുറവൂര്‍ സ്വദേശി തുറവൂർ ആലക്കാപ്പറമ്പ് സ്വദേശി അഭിഷേക്(22) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കത്തികൊണ്ടുള്ള ആക്രമണത്തില്‍ തലക്കും കൈക്കും പരിക്കേറ്റ പരാതിക്കാരന് എറണാകുളം സ്പെഷലിസ്റ്റ്സ് ആശുപത്രിയില്‍ ചികിത്സയിലാണ്.
തിങ്കളാഴ്ച രാത്രി 8.30ഓടെ കതൃക്കടവിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അഭിജിത് ഒരു പെൺകുട്ടിയെ ഉപദ്രവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട് പരാതിക്കാരനും സഹോദരനും ഇത് ചോദ്യം ചെയ്യുകയും തടയുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നുള്ള വിരോധത്തില്‍ അഭിജിതും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും ചേര്‍ന്ന് പരാതിക്കാരനെയും സഹോദരനെയും മര്‍ദിക്കുകയും കത്തികൊണ്ട് തലക്ക് കുത്തിപ്പരിക്കേല്പിക്കുകയുമായിരുന്നു.
