അരിക്കൊമ്പൻ കുമളിക്ക് 6 കിലോമീറ്റർ അടുത്ത്; നിരീക്ഷണം തുടരുന്നു
Thu, 25 May 2023

ഇടുക്കി: ചിന്നക്കനാലിൽ നിന്നു പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിട്ട കാട്ടാന അരിക്കൊമ്പൻ കുമളിക്ക് സമീപം വരെ എത്തിയതായി റിപ്പോർട്ട്. ആകാശദൂരം അനുസരിച്ച് അരിക്കൊമ്പൻ കുമളിക്ക് ആറു കിലോമീറ്റർ വരെ അടുത്തെത്തിയെന്നാണ് ഇപ്പോൾ പുറത്തു വരുന്ന. അരിക്കൊമ്പനിൽ ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് കോളറിൽനിന്നുള്ള വിവരങ്ങൾ വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്.ഇന്നലെയാണ് അരിക്കൊമ്പൻ കുമിളിക്കു സമീപം എത്തിയതെന്നാണ് ജിപിഎസ് കോളറിൽനിന്നുള്ള വിവരങ്ങൾ വച്ച് വനംവകുപ്പ് അറിയിച്ചത്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വനംവകുപ്പ് വിശദീകരിക്കുന്നു. പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിട്ട അതേ സ്ഥലത്തേക്ക് കഴിഞ്ഞ ദിവസം തന്നെ അരിക്കൊമ്പൻ തിരിച്ചെത്തിയിരുന്നു. കുമളിക്ക് ആറു കിലോമീറ്റർ അടുത്തെത്തി എന്നു പറയുമ്പോഴും, പഴയ തട്ടകമായ ചിന്നക്കനാലിലേക്ക് എത്തുക അത്ര എളുപ്പമല്ലെന്നാണ് വനം വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.