ഗതാഗതം തടസ്സപ്പെട്ടതിനെ ചൊല്ലി തർക്കം; നടു റോഡിൽ യുവാവിന് ക്രൂരമർദ്ദനം

news
 കൊല്ലം: പുനലൂർ പിറവന്തൂരിൽ നടുറോഡിൽ യുവാവിന് ക്രൂര മർദനം. ഗതാഗതടസം ഉണ്ടായതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ഒൻപതു മണിയോടെ പുനലൂർ പത്തനാപുരം പാതയിൽ അലിമുക്കിന് സമീപമാണ് സംഭവം നടന്നത്. ബൈക്ക് യാത്രികനായ നെല്ലിപ്പളളി കരിമ്പിൻവിള വീട്ടിൽ രഞ്ജിത്തിനാണ് ക്രൂര മർദനമേറ്റത്. കാർ യാത്രക്കാരായ പിറവന്തൂർ ശ്രീധാ ഭവനിൽ നിതീഷ്,  പിറവന്തൂർ ധന്യ ഭവനിൽ ധനീഷ് കൃഷ്ണൻ എന്നിവരെയാണ് സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്.  റോഡിൽ ഗതാഗത തടസം ഉണ്ടായിരിക്കെ ബൈക്ക് യാത്രക്കാരനായ രഞ്ജിത്ത് പ്രതികൾ സഞ്ചരിച്ച കാറിനെ മറികടന്നു പോയതാണ് ഇവരെ പ്രകോപിപ്പിച്ചത്. പ്രകോപിതരായ പ്രതികൾ രഞ്ജിത്തിനെ തടഞ്ഞു നിർത്തി ക്രൂരമായി മർദിക്കുകയും ബൈക്ക് തള്ളി നിലത്തിടുകയും ചെയ്തു. തുടർന്ന് മറ്റ് യാത്രകർ ഇടപെട്ടാണ് രഞ്ജിത്തിനെ അക്രമികളിൽ നിന്ന് രക്ഷപ്പെടുത്തിയത്. രഞ്ജിത്ത് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Share this story