Times Kerala

 ലഹരിക്കെതിരേ അമ്പെയ്ത് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

 
 ലഹരിക്കെതിരേ അമ്പെയ്ത് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ
 

ജീവിതമാണ് ലഹരി എന്ന പ്രഖ്യാപനവുമായി ലഹരിക്കെതിരെ അമ്പെയ്ത് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷന്‍ സ്റ്റാളിലാണ് ലഹരിക്കെതിരേ അമ്പെയ്യാന്‍ അവസരം ഒരുക്കിയിരിക്കുന്നത്. ലഹരിക്കെതിരെ ഒരു വര്‍ഷം നീളുന്ന പദ്ധതികള്‍ റാന്നി മണ്ഡലത്തില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.

ജീവിതത്തെ കാര്‍ന്ന് തിന്നുന്ന മദ്യം, മയക്കുമരുന്ന്, പുകയില എന്നിവയുടെ ഉപയോഗം കുറച്ചു കൊണ്ടുവരുക, നിയമവിരുദ്ധ ലഹരി വസ്തുക്കളുടെ ശേഖരണവും കടത്തലും തടയുക, ഉറവിടം കണ്ടെത്തി ഇല്ലായ്മ ചെയ്യുക എന്നീ പ്രവര്‍ത്തനങ്ങളാണ് വിമുക്തി മിഷനിലൂടെ എക്സൈസ് വകുപ്പ് ലക്ഷ്യമിടുന്നത്. ബോധവത്കരണങ്ങളുടെ ഭാഗമായാണ് ‘ലഹരിക്കെതിരെ ഒരമ്പ്’ എന്ന അമ്പെയ്ത്ത് പരിപാടി വിമുക്തി സ്റ്റാളില്‍ എക്‌സൈസ് ജീവനക്കാര്‍ ഒരുക്കിയിരിക്കുന്നത്. കൃത്യമായി ലക്ഷ്യത്തില്‍ അമ്പെയ്ത് കൊള്ളിക്കുന്നവര്‍ക്ക് വകുപ്പിന്റെ വക പ്രോത്സാഹന സമ്മാനവുമുണ്ട്.

അമ്പെയ്ത അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അത് കൃത്യമായ ലക്ഷ്യത്തില്‍ കൊള്ളിക്കുകയും ചെയ്തു. ലഹരിക്കെതിരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും കൃത്യമായ ലക്ഷ്യത്തില്‍ എത്തിക്കുമെന്നും അതിനായി വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും എംഎല്‍എ പറഞ്ഞു.

Related Topics

Share this story