Times Kerala

13 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം

 
 വിപുലമായ തയ്യാറെടുപ്പോടെ ഫയൽ അദാലത്തുകൾ സംഘടിപ്പിക്കും
എറണാകുളം: ജില്ലയിലെ 13 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ അംഗീകാരം. 36 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ 2024- 25 വാർഷിക പദ്ധതി ഓൺലൈനായി സമർപ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകൾ ജില്ലാ പ്ലാനിങ് ഓഫീസിൽ സമർപ്പിക്കണമെന്ന് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി.  

കെ.എസ്. ഡബ്ലിയു.എം.പി പദ്ധതികൾ ഭേദഗതി വരുത്തി സമർപ്പിക്കുന്നതിന് യോഗം അംഗീകരിച്ചു. ഹെൽത്ത് ഗ്രാൻഡ് പ്രകാരം സബ് സെന്റർ സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും സാനിറ്ററി മാലിന്യ സംസ്കരണത്തിന് ക്ലസ്റ്റർ അടിസ്ഥാനത്തിൽ ഡബിൾ ചേംബർ ഇൻസുലേറ്റർ, താത്കാലിക എം.സി.എഫ് ഉള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സ്ഥിരം സംവിധാനം  ഒരുക്കുന്നതിനുള്ള പദ്ധതികൾ ഏറ്റെടുക്കണമെന്നും ഹെൽത്ത് ഗ്രാൻഡ് പദ്ധതികളിൽ സമഗ്രമായി മോണിറ്ററിംഗ് നടത്തി പരിശോധിക്കണമെന്നും  ജില്ലാ പ്ലാനിംഗ് ഓഫീസർ നിർദേശിച്ചു.

2024-25 വാർഷിക പദ്ധതി അംഗീകരിക്കുന്നതിനുള്ള ജില്ലാ ആസൂത്രണ സമിതി യോഗം ഫെബ്രുവരി എട്ടിന് ഉച്ചയ്ക്ക് രണ്ടിന് ചേരും. ഇതിനു മുന്നോടിയായി രേഖകൾ പരിശോധിക്കുന്നതിന് ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾക്ക് ചുമതല നൽകി സബ് കമ്മിറ്റി രൂപീകരിക്കാൻ യോഗത്തിൽ തീരുമാനമായി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്ലാനിങ് ഓഫീസർ എം.എം ബഷീർ, വികസന സമിതി അംഗങ്ങൾ,  ഉദ്യോഗസ്ഥർ തുടങ്ങിയവർ ഓൺലൈനായി പങ്കെടുത്തു.

Related Topics

Share this story