അനീറ കബീറിന് ട്രാന്‍സ് വനിതയായി തന്നെ ജീവിക്കാം; വിഷയത്തിൽ ഇടപെട്ട് മന്ത്രി വി ശിവന്‍കുട്ടി

 അനീറ കബീറിന് ട്രാന്‍സ് വനിതയായി തന്നെ ജീവിക്കാം; വിഷയത്തിൽ ഇടപെട്ട് മന്ത്രി വി ശിവന്‍കുട്ടി
 

ട്രാന്‍സ് വനിതയായി ജീവിക്കാനാവില്ലെന്ന് കാട്ടി ദയാവധത്തിന് അപേക്ഷ നല്‍കാനൊരുങ്ങിയ ട്രാന്‍സ് വുമണ്‍ അനീറ കബീറിന് നഷ്ടപ്പെട്ട ജോലി തിരികെ നല്‍കാന്‍ ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിഷയത്തില്‍ പാലക്കാട് വിദ്യാഭ്യാസ ഉപ ഡയറക്ടറുമായി മന്ത്രി ഫോണില്‍ സംസാരിച്ചു. അനീറയ്ക്ക് നഷ്ടമായ ജോലി തിരികെ നല്‍കാന്‍ ആവശ്യമായ നടപടികളെടുക്കാന്‍ നിര്‍ദേശം നല്‍കുകയു ചെയ്തു.

മന്ത്രിയുടെ കുറിപ്പ്;

ട്രാന്‍സ് വനിതയായി ജീവിക്കാനാവില്ലെന്ന് കാട്ടി ദയാവധത്തിന് അപേക്ഷ നല്‍കാന്‍ അഭിഭാഷകനെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് അപേക്ഷ നല്‍കിയ അനീറ കബീറിനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. മാന്യമായി ജോലി ചെയ്ത് ജീവിക്കാന്‍ ട്രാന്‍സ് വനിത എന്ന നിലയ്ക്ക് തന്നെ അനുവദിക്കുന്നില്ലെന്നും പാലക്കാട്ടെ സര്‍ക്കാര്‍ സ്‌കൂളില്‍ ഉണ്ടായിരുന്ന താത്കാലിക അധ്യാപക ജോലി നഷ്ടമായെന്നും അനീറ അറിയിച്ചു.

സഹോദരന്‍ ദിവസങ്ങള്‍ക്ക് മുമ്പ് അപകടത്തെ തുടര്‍ന്ന് മരിച്ചെന്നും ആ കുടുംബത്തെ സംരക്ഷിക്കേണ്ട ചുമതല കൂടി തനിക്ക് വന്നു ചേര്‍ന്നെന്നും അനീറ പറഞ്ഞു.അനീറയുടെ കുടുംബ പശ്ചാത്തലവും വിദ്യാഭ്യാസ യോഗ്യതയും ചോദിച്ചറിഞ്ഞു. രണ്ട് ബിരുദാനന്തര ബിരുദവും എം എഡും സെറ്റും തനിക്കുണ്ടെന്ന് അനീറ അറിയിച്ചു.

വിഷയവുമായി ബന്ധപ്പെട്ട് പാലക്കാട് വിദ്യാഭ്യാസ ഉപ ഡയറക്ടറുമായി ഫോണില്‍ സംസാരിച്ചു. അനീറയ്ക്ക് നഷ്ടമായ ജോലി തിരികെ നല്‍കാന്‍ ആവശ്യമായ നടപടികള്‍ എടുക്കാന്‍ പാലക്കാട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.അനീറ നേരിടുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടിയുള്ള വിശദമായ നിവേദനം നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്തെത്തി നേരില്‍ കണ്ട് നിവേദനം നല്‍കുമെന്ന് അനീറ അറിയിച്ചു.

Share this story