പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളെല്ലാം ഉന്നത നിലവാരത്തിലാക്കും - മന്ത്രി മുഹമ്മദ് റിയാസ്

ആലപ്പുഴ: സംസ്ഥാനത്ത് പൊതുമരാമത്തു വകുപ്പിന് കീഴിലുള്ള എല്ലാ റോഡുകളും ഉന്നത നിലവാരത്തിലേക്ക് ഉയർത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മുതലപ്പൊഴി-ആറാട്ടുവഴി- തോണ്ടൻകുളങ്ങര റോഡിന്റെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിച്ചു സംസാരിക്കുകയാരുന്നു മന്ത്രി.

ആധുനിക സാങ്കേതിക വിദ്യയായ ബി.എം. ആൻഡ് ബി.സി. ഉപയോഗിച്ചാണ് പൊതുമരാമത്ത് വകുപ്പ് റോഡുകൾ നിർമിക്കുന്നത്. സാധാരണ റോഡുകൾ നിർമിക്കുന്നതിനേക്കാൾ ചെലവ് കൂടുതലാണെങ്കിലും അവയേക്കാൾ ഏറെ നാൾ നീണ്ടു നിൽക്കുന്നവയാണിവ. നിലവിൽ സംസ്ഥാനത്തെ 50 ശതമാനം റോഡുകളും ബി.എം. ആൻഡ് ബി.സിയിലേക്ക് മാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറിയ മുതൽ ഇതുവരെ സമാനതകളില്ലാത്ത വികസനമാണ് ആലപ്പുഴ നഗരം കണ്ടത്. നഗരത്തിലെ നിരവധിയായ പ്രധാന റോഡുകൾ, പാലങ്ങൾ എന്നിവ മികച്ച നിലവാരത്തിൽ നിർമിക്കാനായെന്നും മന്ത്രി പറഞ്ഞു. നഗരത്തിൽ നിന്നും പ്രധാനപാതയ്ക്ക് സമാന്തരമായി ആലപ്പുഴ കടൽത്തീരത്ത് എത്തുന്ന രീതിയിലാണ് റോഡിന്റെ രൂപകല്പന. പൊതുമരാമത്ത് വകുപ്പ് അഞ്ച് കോടി രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മിച്ചത്.
ആറാട്ടുവഴി സെൻറ് ജോസഫ്സ് പള്ളിയിൽ നടന്ന ചടങ്ങിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ, വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ എം.ആര്‍. പ്രേം, എ.എസ്. കവിത, ആര്‍. വിനീത, എം.ജി. സതീദേവി, നസീര്‍ പുന്നക്കല്‍, കൗണ്‍സിലര്‍മാരായ രാഖി രജികുമാര്‍, കെ.എസ്. ജയന്‍, സുമം സ്‌കന്ദന്‍, ഹെലന്‍ ഫെര്‍ണാണ്ടസ്, പി.ജി. എലിസബത്ത്, ഡി.പി. മധു, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സി. എന്‍ജിനീയര്‍ ഡി. സാജന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുമരാമത്ത് നിരത്ത് വിഭാഗം എഞ്ചിനീയർ രേഖ റിപ്പോർട്ട് അവതരിപ്പിച്ചു.