Times Kerala

 ആലപ്പുഴ നഗരസഭയ്ക്ക് 280 കോടിയുടെ ബജറ്റ്; ടൂറിസം, ആരോഗ്യം, ശുചിത്വം, ക്ഷേമം, വികസനം മേഖലകൾക്ക് മുൻഗണന

 
ഫയൽ തീർപ്പ് വേഗത്തിലാക്കും; സേവനത്തിന്റെ ഗുണനിലവാരം ഉയർത്താനൊരുങ്ങി വ്യവസായ വകുപ്പ്
 

ആലപ്പുഴ: ടൂറിസം, ആരോഗ്യം, ശുചിത്വം, ക്ഷേമം, വികസനം തുടങ്ങിയ മേഖലകൾക്ക് മുൻഗണന നൽകി ആലപ്പുഴ നഗരസഭ 2024-25 വർഷത്തെ ബജറ്റ്. 280,68,82,396 രൂപ വരവും 276,95,62,132 രൂപ ചെലവും 3,73,20,264 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് നഗരസഭ ചെയർപേഴ്സൺ കെ.കെ. ജയമ്മയുടെ അധ്യക്ഷതയിൽ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ അവതരിപ്പിച്ചത്.

ടൂറിസം മേഖലയുടെ വികസനം ലക്ഷ്യം വെച്ച് നഗരചത്വരത്തില്‍ അമിനിറ്റി സെന്‍റര്‍, ഓഡിറ്റോറിയം, ഡൈനിംഗ് ഹാള്‍, കോഫിഷോപ്പ്, ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍, എക്സിബിഷന്‍ സെന്‍റര്‍, ജിംനേഷ്യം തുടങ്ങിയവ ആരംഭിക്കും. സംസ്ഥാന സര്‍ക്കാരിന്‍റെയും പി.പി. ചിത്തരഞ്ജൻ എം.എൽ.എ.യുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നഗരത്തിലെ പ്രധാന പാലങ്ങളെല്ലാം സൗന്ദര്യവല്‍ക്കരിച്ച് അലങ്കാര ദീപങ്ങള്‍ ഒരുക്കും.  നഗരത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കൊതുക് ഭയമില്ലാതെ നഗരത്തില്‍ തങ്ങാനുള്ള തരത്തില്‍ നഗര പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. നഗരസഭ ഓഫീസ് ശതാബ്ദി മന്ദിരത്തിലേക്ക് മാറുമ്പോൾ നിലവിലെ ഓഫീസ്  ആലപ്പുഴയുടെ ചരിത്രം വെളിവാക്കുന്ന ഫോട്ടോ മ്യൂസിയമായി ക്രമീകരിച്ച് ഹെറിറ്റേജ് ഗസ്റ്റ് ഹൗസാക്കും. നഗരത്തിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ ടൂറിസ്റ്റുകള്‍ക്കായി വിശ്രമ മുറികൾ, കഫേറ്റേരിയ, ആസ്പിറേഷണല്‍ ടൊയ്ലറ്റുകള്‍, തൂക്കുകുളത്ത് ടൂറിസം അമിനിറ്റി സെന്‍റർ എന്നിവയും നിര്‍മ്മിക്കും. കൊങ്ങിണി ചുടുകാടിനോടു ചേര്‍ന്നുള്ള നഗരസഭയുടെ സ്ഥലത്ത് എച്ച്. സലാം എം.എല്‍.എ.യുടെ ആസ്ഥി വികസന ഫണ്ട് കൂടി പ്രയോജനപ്പെടുത്തി വിനോദ സഞ്ചാരികള്‍ക്കായി ആധുനിക സൗകര്യങ്ങളോട് കൂടിയ താമസ സൗകര്യവും മിനി കോണ്‍ഫറന്‍സ് ഹാളും നിർമിക്കും.

നഗരത്തിലെ മുഴുവന്‍ വീടുകളിലും ഉറവിട മാലിന്യ സംസ്കരണ ഉപാധിയായ കിച്ചണ്‍ ബിന്നുകളും ഇനോക്കുലവും എത്തിക്കുന്നതിനും  സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധേയമായ ചാത്തനാട് ഡീവാട്സ് മാലിന്യ സംസ്കരണ യുണിറ്റിന്‍റെ പരിപാലനത്തിനായും ബജറ്റിൽ തുക മാറ്റി വച്ചിട്ടുണ്ട്. വീടുകളിലെ ജൈവവളം ഏറ്റെടുത്ത് എന്‍.പി.കെ. സാന്നിദ്ധ്യമുള്ള ജൈവവളമാക്കി ബ്രാന്‍റ് ചെയ്ത് കുടുംബശ്രീ- ഹരിതകര്‍മ്മസേനാംഗങ്ങള്‍ വഴി വിപണിയിലെത്തിക്കൽ,  ഹരിതകര്‍മ്മസേന വാതില്‍പ്പടി ശേഖരണം എല്ലാ വാര്‍ഡുകളിലും നൂറ് ശതമാനമാക്കൽ, മിനി എം.സി.എഫ്., എം.സി.എഫ്. സേവനങ്ങള്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ തുടങ്ങിയവയ്ക്കും പ്രാധാന്യം നൽകി. ജെ.സി. ഡാനിയേല്‍ പുരസ്കാര ജേതാവ് വി. ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ പേരില്‍ സംഗീത രംഗത്തെ പ്രതിഭകള്‍ക്കായി ഏര്‍പ്പെടുത്തുന്ന പുരസ്കാരത്തിന് 50,000 രൂപ വകയിരുത്തി.

റോഡുകളുടെ നിര്‍മ്മാണം, തോടുകളുടെ പുറംഭിത്തി സംരക്ഷണം, നഗര ജനകീയ ആരോഗ്യ കേന്ദങ്ങളുടെ നവീകരണം, ജനറല്‍ ആശുപത്രി അടിസ്ഥാന വികസനം, മെന്‍സ്ട്രല്‍ കപ്പ് വിതരണം, സ്വാപ് ഷോപ്പുകള്‍, എസ്.എസ്.കെ. വിഹിതം, അതിദരിദ്ര വിഭാഗം വനിതകള്‍ക്ക് പ്രത്യേക പരിഗണന, വനിതകള്‍ക്ക് തൊഴിൽ നൽകുന്ന ടേസ്റ്റ് ഓഫ് ആലപ്പി ഫുഡ് ഓണ്‍ വീല്‍സ് പദ്ധതി, മൃഗസംരക്ഷണം, ക്ഷീര വികസനം, പാലിയേറ്റീവ് കെയര്‍
തുടങ്ങി സമസ്ത മേഖലകളിലെയും വികസനം ലക്ഷ്യം വെച്ചുകൊണ്ടുള്ള ബജറ്റാണ് അവതരിപ്പിച്ചത്.

കക്ഷിനേതാക്കളായ സൗമ്യരാജ്, ഡി.പി. മധു, റീഗോരാജു, സ്ഥിരം സമിതി  അധ്യക്ഷരായ എം.ആര്‍. പ്രേം, എ.എസ്. കവിത, ആര്‍. വിനീത, കൗണ്‍സിലര്‍മാരായ 
ബി. നസീര്‍, ആര്‍. രമേശ്, എല്‍ജിന്‍ റിച്ചാര്‍ഡ്, ബി. മെഹബൂബ്, അരവിന്ദാക്ഷന്‍ എന്നിവര്‍ ബജറ്റ് ചർച്ചയിൽ പങ്കെടുത്തു.
 

Related Topics

Share this story