അടൂര്‍ ഗോപാലകൃഷ്ണന്‍ റോഡ് നിര്‍മാണം ഉടന്‍ പുനരാരംഭിക്കും: ഡെപ്യൂട്ടി സ്പീക്കര്‍

അടൂര്‍ ഗോപാലകൃഷ്ണന്‍ റോഡിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. 10 ലക്ഷം രൂപയില്‍ കൂടുതലുളള നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ബില്ലുകള്‍ മാറുന്നതിന് ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതി വേണ്ടിയിരുന്നതിനാലാണ് കരാറുകാരന്‍ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നത്. ധനകാര്യ വിഭാഗവുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ധനകാര്യ വകുപ്പില്‍ പരിഗണനയില്‍ ഉണ്ടായിരുന്ന ഭാഗിക ബില്ലിന്റെ അനുമതി ലഭ്യമായതായി ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.
ഈ അനുമതിയുടെ അടിസ്ഥാനത്തില്‍ അനുബന്ധ ട്രഷറി നടപടികളുടെ പൂര്‍ത്തീകരണത്തോടെ ബില്ലു മാറാന്‍ കഴിയും. ഉടന്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍വഹണ സജ്ജമാകുമെന്ന് ഈ പ്രവൃത്തിയുടെ കരാറുകാരനും അറിയിച്ചിട്ടുണ്ട്. പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുവാന്‍ നിര്‍വഹണ ഏജന്‍സിയായ കെആര്‍എഫ്ബിക്ക് നിര്‍ദേശം നല്‍കുന്നതിന് തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയതായും ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.