Times Kerala

 തൃശൂരിലെ കൂട്ടത്തല്ലിൽ നടപടി; ഡി.സി.സി പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വം 

 
തൃശൂരിലെ കൂട്ടത്തല്ലിൽ നടപടി; ഡി.സി.സി പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വം
 തൃശൂർ: തൃശൂരിലെ കോൺഗ്രസിലെ കൂട്ടത്തല്ലിൽ നടപടി സ്വീകരിക്കാനൊരുങ്ങി കേന്ദ്രനേതൃത്വം. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരിനോട് രാജിക്കത്ത് സമർപ്പിക്കാൻ കെ.പി.സി.സി നിർദേശം നൽകിയതായാണ് റിപ്പോർട്ട്. കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടത് പ്രകാരമാണ് കെ.പി.സി.സിയുടെ നടപടി. പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന് ​ഡി.സി.സിയുടെ പകരം ചുമതല നൽകുമെന്നും റിപ്പോർട്ടുണ്ട്.
കൂടാതെ , യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.വിൻസെന്റിനോടും രാജിവെക്കാൻ നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ ഇന്ന് തൃശൂരിലെത്തുന്നുണ്ട്. അധ്യക്ഷൻ തന്നെ നടപടി വിവരങ്ങൾ ഡി.സി.സിയെ അറിയിക്കുമെന്നാണ് സൂചന.ഡി.സി.സി ഓഫിസിൽ വെള്ളിയാഴ്ചയുണ്ടായ കൂട്ടത്തല്ലിൽ ഡി.സി.സി പ്രസിഡന്‍റ്​ ജോസ് വള്ളൂർ ഉൾപ്പെടെ 20 പേർക്കെതിരെ തൃശൂർ ഈസ്റ്റ്​ പൊലീസ്​ കേസെടുത്തു. മർദനമേറ്റ്​ തൃശൂർ സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയ, കെ. മുരളീധരന്‍റെ അനുയായി ഡി.സി.സി ജനറൽ സെക്രട്ടറി സജീവൻ കുരിയച്ചിറ നൽകിയ പരാതിയിൽ അന്യായമായി സംഘംചേരൽ, മർദനം തുടങ്ങി ജാമ്യം ലഭിക്കുന്ന വിവിധ വകുപ്പുകൾ പ്രകാരമാണ്​ കേസ് രജിസ്റ്റർ ചെയ്തത്.

Related Topics

Share this story