പ്രതിപക്ഷത്തെ ആക്രമിച്ച എംഎല്‍എമാര്‍ക്കെതിരെ നടപടി വേണം: സതീശന്‍

vd satheeshan
തിരുവനന്തപുരം: പ്രതിപക്ഷ എംഎല്‍എമാരെ ആക്രമിച്ചതിനെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഭരണപക്ഷ എംഎല്‍എമാരും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫും ചേര്‍ന്നാണ് ആക്രമണം നടത്തിയത്.  സിപിഎം ഗുണ്ടയെപ്പോലെയാണ് ചീഫ് മാര്‍ഷല്‍ പെരുമാറിയതെന്നും സതീശന്‍ ആരോപിച്ചു. നാല് എംഎല്‍എമാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കെ.കെ.രമയുടെ കൈയൊടിഞ്ഞു. വനിതാ എംഎല്‍എമാരെ കൈയേറ്റം ചെയ്ത എച്ച്.സലാം, സച്ചിന്‍ ദേവ് എന്നീ എംഎൽഎമാര്‍ക്കെതിരെ നടപടി സ്വീകരിക്കണം. പ്രകോപനമുണ്ടാക്കിയ ഡെപ്യൂട്ടി ചീഫ് മാര്‍ഷലിനെതിരെയും നടപടി വേണമെന്ന് സതീശൻ ആവശ്യപ്പെട്ടു. 

അടിയന്തരപ്രമേയം അവതരിപ്പിച്ച് സഭയില്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക എന്നത് പ്രതിപക്ഷത്തിന്‍റെ പ്രത്യേകമായ അവകാശമാണെന്നും  എന്നാല്‍ കുറച്ച് ദിവസമായി മുഖ്യമന്ത്രിക്ക് ഇത് അലോസരമുണ്ടാക്കുന്നെന്നും സതീശൻ പറഞ്ഞു.  പിണറായി ഇപ്പോള്‍ മോദിക്കും മുകളിലാണ്, സ്റ്റാലിനാകാനുള്ള ശ്രമമാണ് നടത്തുന്നത്. തങ്ങള്‍ക്കിഷ്ടമുള്ളത് അനുവദിക്കും എന്നതാണ് ഇന്ന് ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലും മുഖ്യമന്ത്രി എടുത്ത നിലപാട്. അങ്ങനെ അവരുടെ ഔദാര്യം കൈപ്പറ്റാനല്ല പ്രതിപക്ഷം പ്രവര്‍ത്തിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.  മുഖ്യമന്ത്രിക്ക് പ്രതിപക്ഷത്തെ ഭയമാണ്. അടിയന്തരപ്രമേയ ചര്‍ച്ചകളെ പേടിയാണെന്നും സതീശന്‍ കൂട്ടിചേര്‍ത്തു.

Share this story