Times Kerala

രണ്ട് അനധികൃത ക്വാറിക്കെതിരെ നടപടി; ഏഴ് വാഹനങ്ങൾ പിടികൂടി

 
രണ്ട് അനധികൃത ക്വാറിക്കെതിരെ നടപടി; ഏഴ് വാഹനങ്ങൾ പിടികൂടി
 

തിരുവനന്തപുരം: പ്രകൃതി ചൂഷണങ്ങൾ തടയുന്നതിന്റെ ഭാഗമായി ഒറ്റപ്പാലം സബ് കലക്ടർ ഡോ. മിഥുൻ പ്രേംരാജിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ സ്‌ക്വാഡും ഒറ്റപ്പാലം, പട്ടാമ്പി, മണ്ണാർക്കാട് താലൂക്ക് സ്‌ക്വാഡുകളും നടത്തിയ മിന്നൽ പരിശോധനയിൽ ഏഴ് വാഹങ്ങൾ പിടികൂടി. പരിശോധനയിൽ തച്ഛനാട്ടുകര, കൊപ്പം എന്നിവിടങ്ങളിൽ അനധികൃത കരിങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നതായി കണ്ടെത്തി. തിരുമിറ്റക്കോട് ഒന്ന് വില്ലേജിലെ ചെട്ടിപ്പടിയിൽ പുഴമണൽ കയറ്റിവരികയായിരുന്ന കാറും ഒറ്റപ്പാലം ഒന്ന് വില്ലേജ് പരിധിയിൽ ഡാറ്റാബാങ്കിൽ ഉൾപ്പെട്ട നെൽവയൽ അനധികൃതമായി നികത്തിക്കൊണ്ടിരുന്ന മണ്ണുമാന്തി യന്ത്രവും മണ്ണാർക്കാട് കുമരമ്പത്തൂർ വട്ടമ്പലത്ത്‌ ട്രാൻസിറ്റ് പാസ്സ് ഇല്ലാതെ കല്ല് കടത്തുകയായിരുന്ന ടിപ്പർ ലോറിയും പിടികൂടി. പട്ടാമ്പി താലൂക്കിൽ കൊപ്പം പ്രഭാപുരത്ത് പ്രവർത്തിച്ചിരുന്ന ക്വാറിയിൽനിന്നു രണ്ടു ടിപ്പർ ലോറികളും ഒരു ഹിറ്റാച്ചിയും ഒരു ബ്രേക്കറും പിടിച്ചെടുത്തു.  

 റവന്യു സ്‌ക്വാഡുകളുടെ പ്രവർത്തനം ഊർജിതപ്പെടുത്തുമെന്നും പ്രകൃതി ചൂഷണം നടത്തുന്നവർക്കെതിരെ ക്രിമിനൽ നിയമചട്ട പ്രകാരമുള്ള നടപടികൂടി സ്വീകരിക്കുമെന്നും സബ് കലക്ടർ അറിയിച്ചു.
 

Related Topics

Share this story