മദ്യ ലഹരിയില്‍ യുവാവിന്റെ പരാക്രമം; പൊലീസുകാരെ ആക്രമിച്ചു, ജീപ്പ് തകർത്തു
Sun, 19 Mar 2023

ഇടുക്കി: കരിങ്കുന്നം പൊലീസ് സ്റ്റേഷനിൽ, മദ്യ ലഹരിയിൽ സ്വകാര്യ ബസ് ജീവനക്കാരൻറെ അതിക്രമം. യുവാവിന്റെ പരാക്രമത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ഉൾപ്പെടെ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ എരുമേലി സ്വദേശി ഷാജി തോമസാണ് സ്റ്റേഷനിൽ അതിക്രമം നടത്തിയത്. തൊടുപുഴ-പാലാ റൂട്ടിൽ സർവീസ് നടത്തുന്ന തച്ചുപറമ്പില്‍ എന്ന ബസിലെ താത്കാലിക ജീവനക്കാരനാണ് ഇയാൾ. ഇതേ ബസിന് മുമ്പേ സര്‍വ്വീസ് നടത്തുന്ന സാവിയോ എന്ന ബസില്‍ ഇയാൾ തൊടുപുഴയില്‍ നിന്നും കയറി. ടിക്കറ്റെടുക്കാന്‍ തയ്യാറാകാതെ വന്നതിനെ തുടര്‍ന്ന് ബസിലെ ജീവനക്കാരുമായി വാക്ക് തര്‍ക്കവും ഉന്തും തള്ളുമായി. പിന്നാലെ പൊലീസ് ഇടപെട്ട് ഷാജിയെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനുള്ളിലേക്ക് കയറിയതോടെ ഇയാൾ അസഭ്യ വര്‍ഷവും ആക്രമണവും നടത്തുകയായിരുന്നു.സ്റ്റേഷനിലെ മറ്റു വസ്തുക്കളും പൊലീസ് ജീപ്പിന്റെ ജനലും പ്രതി തകർത്തു. യുവാവ് മദ്യലഹരിയിലായിരുന്നുവെന്നും മറ്റു ലഹരിമരുന്നുകൾ ഉപയോഗിച്ചതായി സംശയമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പത്തനംതിട്ട ചിന്നാറിലും തലയോലപ്പറമ്പ് സ്റ്റേഷനിലും ഇയാൾക്കതിരെ നിരവധി ക്രിമിനൽ കേസുകളുണ്ട്.