ഗാനമേളയ്ക്കിടെ നൃത്തം ചെയ്ത യുവാവ് കിണറ്റില്‍ വീണ് മരിച്ചു
Mar 15, 2023, 09:57 IST

തിരുവനന്തപുരം: ഗാനമേളയ്ക്കിടെ നൃത്തം ചെയ്ത യുവാവ് കിണറ്റില്‍വീണ് മരിച്ചു. മേലാങ്കോട് സ്വദേശി ഇന്ദ്രജിത്ത്(25) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി 11.15 ഓടെ നേമം കരുമത്തിനടുത്ത് മേലാങ്കോട് മുത്തുമാരിയമ്മന്‍ ക്ഷേത്ര ഉത്സവത്തിനിടെയാണ് സംഭവം നടന്നത്. സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലിരുന്നാണ് ഇന്ദ്രജിത്തും കൂട്ടരും ഗാനമേള കേട്ടുകൊണ്ടിരുന്നത്. ഇതിനിടെ പലകകൊണ്ട് മൂടിയ കിണറിന് മുകളില്‍ കയറി നൃത്തം ചെയ്തതോടെ പലക തകര്‍ന്ന് ഇയാള്‍ കിണറ്റിലേയ്ക്ക് വീഴുകയായിരുന്നു. ഇന്ദ്രജിത്തിനെ രക്ഷിക്കാന്‍ സുഹൃത്ത് കിണറ്റില്‍ ഇറങ്ങിയെങ്കിലും ശ്വാസതടസം മൂലം ഇയാളും പാതിവഴിയില്‍ കുടുങ്ങി. പിന്നീട് ഫയര്‍ഫോഴ്സ് സംഘമെത്തിയാണ് സുഹൃത്തിനെ രക്ഷപെടുത്തിയത്.