പമ്പില്‍ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ് കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ

 പമ്പില്‍ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ് കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ
 പാലക്കാട്: നഗരത്തിലെ പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ് കവർന്ന കേസിൽ യുവാവ് പിടിയിൽ. തൃശ്ശൂർ പഴയന്നൂർ സ്വദേശി ജിഷ്ണുവിനെയാണ് സൗത്ത് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. സമാനമായ നിരവധി കവർച്ച കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ഡിസംബർ പതിമൂന്നിന് രാത്രിയിലായിരുന്നു ഇപ്പോൾ അറസ്റ്റിലായ കേസിനാസ്പദമായ കവർച്ച പ്രതി നടത്തിയത്. പാലക്കാട് ചിറ്റൂർ റോഡിലെ പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ് ജിഷ്ണു കവർന്നു. ഏകദേശം രണ്ട് കിലോമീറ്ററിലധികം ഓടിച്ച് ടൗൺ മുൻസിപ്പൽ സ്റ്റാൻഡിന് സമീപം ബസ് ഉപേക്ഷിച്ച ശേഷം ഇയാൾ രക്ഷപ്പെട്ടു. രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ്  ബസ് മോഷണം പോയ വിവരം അറിയുന്നത്. പിന്നാലെ സൗത്ത് പൊലീസിൽ പരാതി നൽകി. ജി പി എസ് പിന്തുടർന്നുള്ള അന്വേഷണത്തിൽ വൈകാതെ ബസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് യഥാർത്ഥ മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പ്രതിയെ കണ്ടെത്തുന്നതിന് സഹായമായി. കവർച്ചക്കുശേഷം വ്യത്യസ്തയിടങ്ങളിൽ മാറി താമസിച്ചിരുന്ന ജിഷ്ണുവിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്. വാഹനം മറിച്ചു വിൽക്കുക എന്ന ലക്ഷ്യമാക്കിയാണ് ബസ് കവർന്നതെന്ന് വിഷ്ണു പൊലീസിനോട് സമ്മതിച്ചു.  

Share this story