തടഞ്ഞുനിറുത്തി മൊബൈൽ ഫോണുകൾ തട്ടിയെടുക്കുന്ന സംഘം പിടിയിൽ
Thu, 16 Mar 2023

കായംകുളം : ബൈക്കിൽ കറങ്ങി നടന്ന് മൊബൈൽ ഫോണുകൾ പിടിച്ചു പറിക്കുന്ന സംഘത്തിലെ മൂന്നു യുവാക്കളെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. പത്തിയൂർ എരുവ കൂട്ടേത്ത് തെക്കതിൽ ബിലാദ് (20), കീരിക്കാട് തെക്ക് എരിയപുറത്ത് വീട്ടിൽ ഷിഹാസ് (20) , എരുവ വലിയത്ത് കിഴക്കതിൽ അജിംഷാ (20) എന്നിവരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 9 ന് വൈകിട്ട് സൈക്കിളിലെത്തിയ 17കാരനെ ഓച്ചിറ- ചൂനാട് റോഡിൽ ശിവശക്തി നൃത്തവിദ്യാലയത്തിന് മുൻവശം വെച്ചു തടഞ്ഞുനിറുത്തി 28000 രൂപ വിലവരുന്ന മൊബൈൽ ഫോൺ കവർന്ന കേസിലാണ് ഇവർ പിടിയിലായത്. കായംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ വിവിധ സ്ഥലങ്ങളിൽ ഇവർ ഇത്തരത്തിൽ മൊബൈൽ ഫോണുകൾ പിടിച്ചുപറിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.