തലശ്ശേരിയിൽ ബ്രൗൺഷുഗറുമായി നാലംഗ സംഘം അറസ്റ്റിൽ
Sat, 18 Mar 2023

തലശ്ശേരി: തലശ്ശേരിയിൽ ബ്രൗൺഷുഗറുമായി നാലുപേർ അറസ്റ്റിൽ. പാപ്പിനിശ്ശേരി അഞ്ചാംപീടികയിലെ മക്കാരക്കാരന്റവിട മുഹമ്മദ് ഫാസിൽ (27), ചാലാട് വായനശാലക്ക് സമീപം ആലിയാസ് ഹൗസിൽ അഷ്റഫ് (26), ചാലാട് ചാത്തോത്ത് ഹൗസിൽ ദീപക് (32), ചാലാട് പോച്ചപ്പിൽ ഹൗസിൽ ടി. മംഗൾ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തലശ്ശേരി പൊലീസ് സ്റ്റേഷന് പരിസരത്ത് വാഹന പരിശോധനക്കിടയിൽ എസ്.ഐ മിലേഷും സംഘവുമാണ് പ്രതികളെ പിടികൂടിയത്. 17.990 ഗ്രാം ബ്രൗൺഷുഗർ ഇവരിൽനിന്ന് പിടിച്ചെടുത്തു. പൊലീസ് പിടികൂടിയപ്പോൾ സംഘത്തിലെ അഷ്റഫ് കാറിൽ തലയിടിച്ച് സ്വയം പരിക്കേൽപിച്ചതായി പൊലീസ് പറഞ്ഞു. പ്രതികൾ ഉപയോഗിച്ച ഡൽഹി രജിസ്ട്രേഷൻ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.