വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ 45 വയസുകാരന്‍ കൗമാരക്കാരിയുടെ വരനായി; ഒളിവിലായിരുന്ന പ്രതി പിടിയിൽ
Thu, 16 Mar 2023

അടിമാലി: ഇടമലക്കുടിയില്‍ ശൈശവവിവാഹം ചെയ്‌ത സംഭവത്തില്‍ 45 വയസുകാരന്‍ പോലീസ് പിടിയിൽ. ഇടമലക്കുടി ആദിവാസി കുടിയില്‍ കണ്ടത്തുകൂടി ഊരിലെ രാമനെയാണ് അറസ്റ്റ് ചെയ്തത്. സംഭവം വിവാദമായതിനെ തുടര്‍ന്നു മൂന്നാര്‍ പോലീസ് പ്രതിക്കെതിരേ പോക്‌സോ നിയമപ്രകാരം കേസ് എടുത്തിരുന്നു. കഴിഞ്ഞ ജനുവരിയിലായിരുന്നു വിവാഹം. വിവാഹിതനും പ്രായപൂര്‍ത്തിയായ രണ്ടു കുട്ടികളുടെ പിതാവുമാണു വരന്‍. വിവാഹത്തെ തുടര്‍ന്ന് രണ്ടു പേരും ഒളിവിലായിരുന്നു. പിന്നീട് ഇടമലക്കുടിയിലെത്തിയ പോലീസ് സംഘം പെണ്‍കുട്ടിയെ കണ്ടെത്തുകയും സുരക്ഷിത കേന്ദ്രത്തില്‍ എത്തിക്കുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് പ്രതിക്കായി തെരച്ചില്‍ സജീവമാക്കിയത്. വിവിധ സ്‌ഥലങ്ങളില്‍ മാറിമാറി താമസിച്ചു വന്നിരുന്ന പ്രതി ഇടമലക്കുടിയില്‍ ഉണ്ടെന്നുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് മൂന്നാര്‍ പോലീസ് സംഘം ഇടമലക്കുടിയിലേക്ക് തിരിക്കുകയായിരുന്നു. മൂന്നാര്‍ സി.ഐ: മനേഷ് കെ പൗലോസ്, എസ്‌ഐ: കെ.ഡി മണിയന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഡോണി ചാക്കോ, അനീഷ് ജോര്‍ജ്, പ്രദീപ് കുമാര്‍, സക്കീര്‍ ഹുസൈന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.