അഴിമതിക്കെതിരെ 'സിവിൽ ഡെത്തുമായി' വിജിലൻസ്

 അഴിമതിക്കെതിരെ 'സിവിൽ ഡെത്തുമായി' വിജിലൻസ്
 

കണ്ണൂർ: കൈക്കൂലി കേസിൽ പിടിയിലായ സർക്കാർ ജീവനക്കാരന്റെ കുടുംബം നേരിടേണ്ടി വന്ന  ദുരന്തത്തിന്റെ കഥ പറഞ്ഞ് 'സിവിൽ ഡെത്ത്' ബോധവത്കരണ നാടകം. വിജിലൻസ് വാരാഘോഷത്തിന്റെ ഭാഗമായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് പര്യടനം നടത്തുന്ന നാടകം കണ്ണൂർ പൊലീസ് സഭ ഹാളിൽ അവതരിപ്പിച്ചു.

കൈക്കൂലി ശീലമാക്കിയിരുന്ന മുൻ സർക്കാർ ജീവനക്കാരന്റെ പ്രേരണയാൽ മകളുടെ ഭർത്താവായ സർക്കാർ ഉദ്യോഗസ്ഥൻ  കൈക്കൂലി വാങ്ങുന്നതും വിജിലൻസിന്റെ പിടിയിലാകുന്നതും തുടർന്ന് അവരുടെ  ജീവിതത്തിലുണ്ടാകുന്ന തകർച്ചയുമാണ് നാടകത്തിന്റെ പ്രമേയം. കൈക്കൂലി നേരിട്ട് വാങ്ങുന്നതിന് പകരം ഡിജിറ്റൽ ടെക്‌നോളജി ഉപയോഗിച്ച് നടത്തുന്ന അഴിമതികളും പിടികൂടുന്ന വിജിലൻസിന്റെ പുതിയ തന്ത്രങ്ങളും നാടകം കാണികളിൽ എത്തിച്ചു. വിജിലൻസിന്റെ വിവിധ യൂണിറ്റുകളിൽ ജോലി ചെയ്യുന്ന എം ഷറഫുദ്ദീൻ, കെ നുജുമുദ്ദീൻ, ദീപക് ജോർജ്, എസ് ആര്യ ദേവി, സിബി പോൾ, എസ് വിജയകുമാർ, എസ് ഗിരീഷ് കുമാർ, ഷീബകുമാരി, ഹരികൃഷ്ണൻ, കെ പി ശ്രീജിത്ത് എന്നിവരാണ് വേഷമിട്ടത്. സംവിധാനം അസീം അമരവിളയും രചന കെ നുജുമുദ്ദീനുമാണ് നിർവ്വഹിച്ചത്. ജില്ലയിലെ വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ കാണികളായി എത്തി.

സഭാ ഹാളിൽ  കണ്ണൂർ റെയിഞ്ച് ഡി ഐ ജി രാഹുൽ ആർ നായർ ഉദ്ഘാടനം ചെയ്തു. അഡി. എസ് പി എ വി പ്രദീപ് അധ്യക്ഷത വഹിച്ചു. എ സി പി ടി കെ രത്‌നകുമാർ, വിജിലൻസ് ഡി വൈ എസ് പി ബാബു പെരിങ്ങോത്ത്, വിജിലൻസ് സി ഐ മാരായ കെ വി പ്രമോദൻ, ഷാജി പട്ടേരി, കെ പി ഒ എ പ്രതിനിധി എൻ പി കൃഷ്ണർ, കെ പി എ കണ്ണൂർ സിറ്റി പ്രസിഡണ്ട് കെ പി സന്ദീപ് എന്നിവർ സംസാരിച്ചു.

Share this story