Times Kerala

 ഗതാഗത മന്ത്രിയുടെ പരാതി പരിഹാര അദാലത്ത് സെപ്തംബര്‍ ഒന്നിന്

 
court
കാസർഗോഡ്: മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട പരാതികളിലും അപേക്ഷകളിലും പരിഹാരം കാണുന്നതിനും തീര്‍പ്പു കല്‍പ്പിക്കുന്നതിനും ഗതാഗത വകുപ്പ് മന്ത്രി പങ്കെടുക്കുന്ന 'വാഹനീയം-2022' പരാതി പരിഹാര അദാലത്ത് നടത്തുന്നു. സെപ്തംബര്‍ ഒന്ന് വ്യാഴാഴ്ച കാസര്‍കോട് നഗരസഭാ ടൗണ്‍ഹാളിലാണ് അദാലത്ത്. ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു പൊതുജനങ്ങളില്‍ നിന്നും നേരിട്ട് പരാതി സ്വീകരിച്ച് തീര്‍പ്പു കല്‍പ്പിക്കും. മന്ത്രിയുമായി നേരിട്ട് സംവദിക്കുന്നതിനും അവസരമുണ്ട്.
ജില്ലയിലെ എംപി, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള പ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും അദാലത്തില്‍ പങ്കെടുക്കും. അദാലത്തില്‍ പരിഗണിക്കേണ്ട പരാതികള്‍ ആഗസ്ത് 25ന് വൈകിട്ട് അഞ്ചിനകം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് കാസര്‍കോട്, സബ് ആര്‍.ടി. ഓഫീസ് കാഞ്ഞങ്ങാട്, സബ് ആര്‍.ടി. ഓഫീസ് വെള്ളരിക്കുണ്ട് എന്നിവിടങ്ങളില്‍ നല്‍കണം. വിവിധ സേവനങ്ങള്‍ക്കായി ആര്‍.ടി.ഓഫീസുകളില്‍ അപേക്ഷ നല്‍കിയവരും, ആര്‍.സി, ഡ്രൈവിംഗ് ലൈസന്‍സ്, പെര്‍മിറ്റ് മുതലായ രേഖകള്‍ക്ക് അപേക്ഷിച്ച് നാളിതുവരെ ലഭിക്കാത്തവരും പരാതി നല്‍കുന്നതിന് അതാത് ഓഫീസിലെ പബ്ലിക്ക് റീലേഷന്‍ ഓഫീസറുമായി (പി ആര്‍ ഒ) ബന്ധപ്പെടണമെന്ന് കാസര്‍കോട് ആര്‍.ടി.ഒ. ഏ.കെ. രാധാകൃഷ്ണന്‍ അറിയിച്ചു.
തപാലില്‍ അയച്ച് ഉടമസ്ഥര്‍ കൈപ്പറ്റാതെ മടങ്ങി വന്ന രേഖകളും പ്രസ്തുത അദാലത്തില്‍ വിതരണം ചെയ്യുമെന്നും ആര്‍.ടി.ഒ. അറിയിച്ചു. ഫോണ്‍- ആര്‍ ടി ഒ കാസര്‍കോട് 04994 255290, 9495831697, എസ് ആര്‍ ടി ഒ കാഞ്ഞങ്ങാട് 04672 207766, 9847696411, എസ് ആര്‍ ടി ഒ വെള്ളരിക്കുണ്ട് 04672 986042, 9847328257.

Related Topics

Share this story