സുതാര്യം, എളുപ്പം; ഓൺലൈൻ മികവോടെ തദ്ദേശ സ്വയംഭരണ വകുപ്പ്

സുതാര്യം, എളുപ്പം; ഓൺലൈൻ മികവോടെ തദ്ദേശ സ്വയംഭരണ വകുപ്പ് 
 സർക്കാർ സേവനങ്ങൾ സുതാര്യമായും എളുപ്പത്തിലും ലഭ്യമാക്കാൻ പുത്തൻ ഓൺലൈൻ സൗകര്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ് തദ്ദേശ സ്വയംഭരണ വകുപ്പ്. ഓൺലൈൻ വഴി ജനങ്ങൾക്ക് സേവനങ്ങൾ ലഭ്യമാക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായി ഐഎൽജിഎംഎസ് (ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം) സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നടപ്പാക്കി. ഇൻഫർമേഷൻ കേരള മിഷനാണ് ക്‌ളൗഡ് അധിഷ്ഠിത സോഫ്‌റ്റ്വെയർ വികസിപ്പിച്ചത്. സേവനങ്ങൾക്ക് ഓൺലൈനിൽ അപേക്ഷിക്കാനും സമയബന്ധിതമായി ലഭിക്കാനും ഇത് സഹായിക്കും. www.citizen.lsgkerala.gov.in വഴി പൊതുജനങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം. 2020 സെപ്റ്റംബറിൽ 153 പഞ്ചായത്തുകളിലും, 2021 സപ്തംബറിൽ 156 പഞ്ചായത്തുകളിലും ഈ സോഫ്റ്റ്വെയർ സേവനം ആരംഭിച്ചിരുന്നു. ബാക്കിയുള്ള 632 ഗ്രാമപഞ്ചായത്തുകളിലാണ് ഇപ്പോൾ സജ്ജമാക്കിയത്.
പഞ്ചായത്തുകളിലേക്കുള്ള അപേക്ഷകളും ഫീസുകളും സ്വന്തം കമ്പ്യൂട്ടറോ, മൊബൈൽഫോണോ ഉപയോഗിച്ചോ, അക്ഷയകേന്ദ്രത്തിലൂടെയോ, കുടുംബശ്രീ ഹെൽപ്പ്ഡെസ്‌ക് വഴിയോ സമർപ്പിക്കാനും അടയ്ക്കാനും സാധിക്കും. എല്ലാ മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഐബിപിഎംഎസ് (ഇന്റഗ്രേറ്റഡ് ബിൽഡിംഗ് പ്ലാൻ മാനേജ്മെന്റ് സിസ്റ്റം) സേവനം ഉറപ്പുവരുത്താൻ ഈ കാലയളവിൽ സർക്കാരിന് സാധിച്ചു. തദ്ദേശസ്ഥാപനങ്ങളിലെ സേവനങ്ങൾ ഇനി ഒരു കുടക്കീഴിൽ പൊതുജനങ്ങൾക്ക് ലഭ്യമാകും.
എല്ലാ നഗരസഭകളിലും തൊഴിൽ നികുതി ഓൺലൈനായി അടയ്ക്കാനുള്ള സംവിധാനം ഏർപ്പെടുത്തി. ഐടി മിഷന്റെ സഹായത്തോടെ നഗരകാര്യ ഡയറക്ടറേറ്റിൽ ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കി. വകുപ്പിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ നിർവഹണവുമായി ബന്ധപ്പെട്ട് കാര്യക്ഷമത വർധനവിനായി ഇ-എംബുക്ക്, പ്രൈസ് ത്രി സംവിധാനങ്ങൾ ഏർപ്പെടുത്തി. റോഡ് കട്ടിംഗുമായി ബന്ധപ്പെട്ട് സുഗമ പോർട്ടലും നിലവിൽ വന്നു. സാങ്കേതിക, മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് സമർപ്പിക്കാൻ സ്‌കോർ സോഫ്റ്റ്‌വെയർ സജ്ജീകരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ഹരിതകർമ്മ സേനകളുടെ അജൈവ പാഴ്വസ്തു ശേഖരണ പ്രക്രിയ ഊർജ്ജിതമാക്കാനും മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ കാര്യക്ഷമവും കുറ്റമറ്റതുമാക്കാനും ഹരിതകേരളം മിഷന്റെയും ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തിൽ സ്മാർട്ട് ഗാർബേജ് മൊബൈൽ ആപ്പ് പദ്ധതി നടപ്പാക്കി.
ഇ- ഗവേണൻസ് എന്നതിനപ്പുറം മൊബൈൽ ആപ്പ് വഴി എല്ലാ സേവനങ്ങളും വകുപ്പുതല യോഗങ്ങളും മറ്റും നടപ്പാക്കാനുതകുന്ന വിധത്തിൽ ഓൺലൈൻ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും വിവിധ ഏജൻസികൾ തയ്യാറാക്കിയ സോഫ്റ്റ്വെയർ സേവനങ്ങൾ സംയോജിപ്പിക്കുകയും ചെയ്യാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

Share this story