കാമുകന്റെ കടം വീട്ടാനും വീട് പണിയാനും കവർന്നത് അമ്മുമ്മയുടെ 17 പവനും 8ലക്ഷം രൂപയും; കൊച്ചുമകളും കാമുകനും അറസ്റ്റിൽ

 കാമുകന്റെ കടം വീട്ടാനും വീട് പണിയാനും കവർന്നത് അമ്മുമ്മയുടെ 17 പവനും 8ലക്ഷം രൂപയും; കൊച്ചുമകളും കാമുകനും അറസ്റ്റിൽ
 

തൃശ്ശൂർ: മുത്തശ്ശിയുടെ ഏഴര പവന്‍ സ്വര്‍ണാഭരണങ്ങളും എട്ടു ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും തട്ടിയെടുത്ത കേസില്‍ പേരമകളും സുഹൃത്തും അറസ്റ്റില്‍. വെങ്ങിണിശ്ശേരി കൂട്ടാലക്കുന്ന് അഭിജിത്(21), പള്ളിപ്പുറം പുളിപ്പറമ്പില്‍ സൗപര്‍ണിക(21) എന്നിവരെയാണ് ചേര്‍പ്പ് പോലീസ് അറസ്റ്റു ചെയ്തത്. പള്ളിപ്പുറം പുളിപ്പറമ്പില്‍ വീട്ടില്‍ ലീല (72)യുടെ സ്വര്‍ണവും പണവുമാണ് ഇവർ  കവര്‍ന്നത്.
സൗപര്‍ണിക അച്ഛന്റെ അമ്മ ലീലയോടൊപ്പമാണ് താമസിച്ചിരുന്നത്. വീട്ടില്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന 20 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് പകരം മുക്കുപണ്ടം വയ്ക്കുകയായിരുന്നു. പിന്നീട് ബാങ്ക് നിക്ഷേപത്തിന്റെ രേഖകളില്‍ മുത്തശ്ശിയുടെ ഒപ്പിട്ട് സുഹൃത്ത് അഭിജിത്തിന്റെ സഹായത്തോടെ കൂര്‍ക്കഞ്ചേരിയിലെ ബാങ്കില്‍ ഹാജരാക്കി എട്ടു ലക്ഷം രൂപയും  കൈക്കലാക്കി. ഈ തുക ഉപയോഗിച്ച് കാറു വാങ്ങി.

സ്വര്‍ണം കവര്‍ന്നത് അറിയാതെ ലീല മുക്കുപണ്ടവുമായി തൃശ്ശൂരിലെ ജ്വല്ലറിയില്‍ എത്തി. കാതില്‍ മുറിവുണ്ടായി പഴുപ്പ് കയറിയതിനെ തുടര്‍ന്ന് കമ്മല്‍ മാറ്റി എടുക്കാനാണ് ജ്വല്ലറിയിലെത്തിയത്. അവിടത്തെ ജീവനക്കാരന്‍ പരിശോധിച്ചപ്പോള്‍ കമ്മല്‍ മുക്കുപണ്ടമാണെന്ന് തിരിച്ചറിയുകയായിരുന്നു. വീട്ടിലെത്തിയ ലീല ബന്ധുക്കളെ വിളിച്ചുവരുത്തി എല്ലാ ആഭരണങ്ങളും പരിശോധിച്ചപ്പോഴാണ് എല്ലാം മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. ശേഷം ലീല പോലീസില്‍ പരാതി നൽകിയതിനെത്തുടർന്നാണ്  മോഷണം നടത്തിയവരെ പിടികൂടിയത്. കാറുവിറ്റതായി പ്രതികള്‍ പറഞ്ഞുവെങ്കിലും അന്വേഷണം നടക്കുന്നുണ്ട്. പ്രതികള്‍ ആഡംബര ജീവിതത്തിനാണ് മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

Share this story