Times Kerala

 ഇത് കയ്യൂര്‍ - ചീമേനി ഗ്രാമപഞ്ചായത്തിന്റെ സൗരോര്‍ജ മാതൃക

 
 ഇത് കയ്യൂര്‍ - ചീമേനി ഗ്രാമപഞ്ചായത്തിന്റെ സൗരോര്‍ജ മാതൃക
 നാടിനു മാതൃകയായി കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്തിലെ പുരപ്പുറ സോളാര്‍ പ്ലാന്റ്. കെഎസ്ഇബിയുടെ സൗരമോഡല്‍ 1 പദ്ധതിയിലൂടെ സ്ഥാപിച്ച പുരപ്പുറ സൗരോര്‍ജ പ്ലാന്റ് പഞ്ചായത്തിനും പൊതുജനങ്ങള്‍ക്കും ഏറെ ഗുണകരമാകുന്ന പദ്ധതിയായി മാറും. കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് കെട്ടിടത്തിന്റെ മുകളിലാണ് സോളാര്‍ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. പദ്ധതിയിലൂടെ പ്രതിദിനം 19.8 കിലോവാട്ട് വൈദ്യൂതിയാണ് ഉദ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഇവിടെ ഉദ്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ നിന്ന് 10 ശതമാനം വൈദ്യുതി ഗ്രാമപഞ്ചായത്ത് ഓഫിസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും. ഇതുവഴി ഗ്രാമപഞ്ചായത്തിന് ഇലക്ട്രിസിറ്റി ബില്ല് ഒഴിവാക്കാനാകും.
ബാക്കിയുള്ള വൈദ്യുതി കെഎസ്ഇബി ഗ്രിഡിലൂടെ കടത്തി വിട്ട് പൊതുജനങ്ങള്‍ക്ക് നല്‍കും. കൂടാതെ പഞ്ചായത്ത് കെട്ടിടത്തിലെ ചൂട് കുറയ്ക്കുവാനും പുരപ്പുറ സോളാര്‍ പ്ലാന്റ് കൊണ്ട് സാധിക്കും. കെഎസ്ഇബി സൗരമോഡല്‍ 1 ല്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി പൂര്‍ത്തികരിച്ചിരിക്കുന്നത്. പൂര്‍ണമായും കെഎസ്ഇബിയുടെ ചിലവില്‍ സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതാണ് സൗരോര്‍ജ മോഡല്‍ 1. സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള സ്ഥലം വിട്ടുകൊടുക്കുക മാത്രമാണ് പഞ്ചായത്തിന്റെ ചുമതല. സൗജന്യമായി വൈജ്യുതിയും ലഭിക്കുന്നു. 25 വര്‍ഷത്തേക്കാണ് കരാര്‍. കെഎസ്ഇബിക്കുവേണ്ടി ടാറ്റാ പവര്‍ ആണ് പ്ലാന്റിന്റെ നിര്‍മാണം നടത്തിയത്. പ്ലാന്റിന്റെ ഉദ്ഘാടനം  ജൂണ്‍ 25നു കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് ഹാളില്‍ എം.രാജഗോപാലന്‍ എംഎല്‍എ നിര്‍വഹിക്കും. കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. വത്സലന്‍ അധ്യക്ഷനാകും. ഊര്‍ജപ്രതിസന്ധി നേരിടുന്ന ഇന്നത്തെ കാലത്ത് ഏറെ പ്രയോജനപ്രദമാണ് ഇത്തരത്തിലുള്ള പദ്ധതികള്‍.

Related Topics

Share this story