അനാവശ്യ പ്രതികരണം പാടില്ല, മതവികാരം വ്രണപ്പെടുത്തരുത്; കർശന വ്യവസ്ഥകളോടെ രഹന ഫാത്തിമയുടെ സാമൂഹിക മാദ്ധ്യമങ്ങളിലെ വിലക്ക് നീക്കി

അനാവശ്യ പ്രതികരണം പാടില്ല, മതവികാരം വ്രണപ്പെടുത്തരുത്; കർശന വ്യവസ്ഥകളോടെ രഹന ഫാത്തിമയുടെ സാമൂഹിക മാദ്ധ്യമങ്ങളിലെ വിലക്ക് നീക്കി
 ന്യൂഡല്‍ഹി : സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രതികരിക്കാനുള്ള ആക്ടിവിസ്റ്റ് രഹന ഫാത്തിമയുടെ വിലക്ക് കര്‍ശന വ്യവസ്ഥകളോടെ സുപ്രീംകോടതി നീക്കി.അതേസമയം കേസുമായി ബന്ധപ്പെട്ടും മതവികാരം വ്രണപ്പെടുത്തിയും പ്രതികരിക്കരുതെന്ന് കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി രഹ്ന ഫാത്തിമ നല്‍കിയ ഹര്‍ജി കോടതി തീര്‍പ്പാക്കി. രഹ്ന ഫാത്തിമയ്ക്കെതിരായ കേസുകളിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കരുതെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു. മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകള്‍ രഹ്ന ഫാത്തിമ വീണ്ടും പ്രചരിപ്പിച്ചു. പലതവണ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും അതിനാല്‍ രഹ്ന ഫാത്തിമയ്ക്ക് ഇളവ് നല്‍കരുതെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഇതിന് മറുപടിയായി ഫയല്‍ചെയ്ത സത്യവാങ്മൂലത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രഹ്ന ഫാത്തിമ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. മതം, ലൈംഗികത എന്നിവ സംബന്ധിച്ച പിന്തിരിപ്പന്‍, സങ്കുചിത ചിന്താഗതികളുടെ ഫലമാണ് തനിക്കെതിരായ കേസുകള്‍. ആധുനിക ഭരണഘടനാ ചിന്തകളുള്ള സ്ത്രീകളെ ഇരകളാക്കാനും അടിച്ചമര്‍ത്താനും സര്‍ക്കാര്‍ ശ്രമിക്കുന്നതായും സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തി.

Share this story