ആക്രി ശേഖരണത്തിന്‍റെ മറവിൽ മോഷണം; ഉത്തരേന്ത്യൻ സംഘം പിടിയിൽ
Tue, 24 Jan 2023

തൃശൂർ: ആക്രി ശേഖരണത്തിന്‍റെ മറവിൽ മോഷണം നടത്തിയ ഉത്തരേന്ത്യൻ സംഘം പിടിയിൽ. പുതുക്കാടിന് സമീപം പ്രമുഖ വ്യവസായ ഗ്രൂപ്പിന്‍റെ പൂട്ടിയിട്ട ഫാക്ടറിയുടെ പൂട്ടുപൊളിച്ച് ലക്ഷങ്ങൾ വിലയുള്ള വിദേശ നിർമിത യന്ത്രഭാഗങ്ങൾ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. കൊടകര ഉളുമ്പത്ത്കുന്നിൽ വാടകക്ക് താമസിക്കുന്ന ഉത്തർപ്രദേശ് ഗാസിയാബാദ് വൈശാലി സെക്ടർ-5 സ്വദേശികളായ റഹീം കബീർ ഷേക്ക് (20), കബീർ ഷേക്ക് (52), മുഹമ്മദ് രബിയുൾ (27), കൊൽക്കത്ത മുർഷിദാബാദ് സ്വദേശി മുഹമ്മദ് നസീൻ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒമ്പതിന് പുലർച്ചയാണ് പൂട്ടിക്കിടക്കുന്ന സ്ഥാപനത്തിന്റെ ഗേറ്റിന്റെയും ഫാക്ടറിയുടെയും വാതിലിന്റെയും പൂട്ടുതകർത്ത് മോഷണം നടത്തുകയായിരുന്നു. 2018ലെ പ്രളയത്തിനുശേഷം ഫാക്ടറി പ്രവർത്തിക്കുന്നില്ല. സ്ഥാപനത്തിന്റെ ഗേറ്റ് തുറന്നുകിടക്കുന്നത് കണ്ട് സമീപം താമസിക്കുന്ന മുൻ ജീവനക്കാരൻ നടത്തിയ പരിശോധനയിലാണ് മോഷണവിവരം അറിഞ്ഞത്. പുതുക്കാട് പൊലീസും ചാലക്കുടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും എത്തി സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംശയാസ്പദമായി കണ്ട വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കളുടെ സങ്കേതം കണ്ടെത്തിയത്.