ഗോതീശ്വരം ബീച്ചിലെ സർഫിങ് കേന്ദ്രം ലോക ശ്രദ്ധ പിടിച്ചു പറ്റും; മന്ത്രി മുഹമ്മദ്‌ റിയാസ്

ഗോതീശ്വരം ബീച്ചിലെ സർഫിങ് കേന്ദ്രം ലോക ശ്രദ്ധ പിടിച്ചു പറ്റും - മന്ത്രി മുഹമ്മദ്‌ റിയാസ്
 

കോഴിക്കോട്: ബേപ്പൂർ ഗോതീശ്വരം ബീച്ചിലെ സർഫിങ് സ്കൂൾ ഭാവിയിൽ ലോക ശ്രദ്ധയാകർഷിക്കുന്ന കേന്ദ്രമായി മാറുമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. സർക്കാർ മേൽനോട്ടത്തിലുള്ള കേരളത്തിലെ ആദ്യത്തെ സർഫിങ് സ്കൂൾ ബേപ്പൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ഭാവിയിൽ ഗോതീശ്വരം ബീച്ച് പ്രധാന വിനോദസഞ്ചാരകേന്ദ്രമായി മാറുമെന്നും അത് പ്രദേശത്തെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. പ്രദേശത്തെ ജനങ്ങളുടെ ഐക്യവും സാഹോദര്യവും കൂടിച്ചേരുമ്പോൾ ഓരോ പദ്ധതിയും ജനകീയമായി മാറുമെന്നും മന്ത്രി പറഞ്ഞു. ബേപ്പൂർ നിയോജക മണ്ഡലത്തിലെ വികസനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന യുവജന സഹകരണ സംരംഭങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ മന്ത്രി ഉത്തരവാദിത്ത ടൂറിസം മിഷനെയും സംസ്ഥാന കോർഡിനേറ്ററെയും പ്രത്യേകം അഭിനന്ദിച്ചു.

ഇന്റർനാഷണൽ സർട്ടിഫൈഡ് ട്രെയിനിങ് പരിശീലനം പൂർത്തിയാക്കിയ പ്രദേശവാസികളായ 10 യുവാക്കൾക്ക് വേദിയിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഇവരുടെ നേതൃത്വത്തിലുള്ള ബേപ്പൂർ ഉത്തരവാദിത്ത ടൂറിസം ക്ലബ്ബായ യൂത്ത് വെൽഫയർ മൾട്ടിപർപസ് സൊസൈറ്റിയുടെ അവഞ്ച്വറ സർഫിങ് ക്ലബ് ആണ് സ്‌കൂളിന് മേൽനോട്ടം വഹിക്കുക.

ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി ടൂറിസം വകുപ്പും ഉത്തരവാദിത്ത ടൂറിസം മിഷനും കോഴിക്കോട് ഡിടിപിസിയും കേരള അഡ്വഞ്ചർ ടൂറിസം സൊസൈറ്റിയും ഉത്തരവാദിത്ത ടൂറിസം ക്ലബ്ബായ യൂത്ത് വെൽഫെയർ മൾട്ടിപർപസ് സൊസൈറ്റിയും സംയുക്തമായാണ് സർഫിങ് സ്കൂൾ സംരംഭത്തിനു തുടക്കം കുറിക്കുന്നത്.

കോർപറേഷൻ ടൗൺ പ്ലാനിങ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.കൃഷ്ണകുമാരി അധ്യക്ഷത വഹിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷൻ ജില്ലാ കോർഡിനേറ്റർ ശ്രീകലാ ലക്ഷ്മി റിപ്പോർട്ട് അവതരിപ്പിച്ചു.

  ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി അനുഷ, വാർഡ് കൗൺസിലർ കെ. സുരേഷൻ, ബേപ്പൂർ മണ്ഡലം വികസന മിഷൻ പ്രതിനിധി എം ഗിരീഷ്, നമ്മൾ ബേപ്പൂർ പ്രതിനിധി ടി. രാധാ ഗോപി, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ എസ് ഷൈൻ, ഡി ടി പി സി സെക്രട്ടറി ടി നിഖിൽ ദാസ്, ഉത്തരവാദിത്ത ടൂറിസം ക്ലബ് പ്രസിഡന്റ് അനൂപ്, തുടങ്ങിയവർ പങ്കെടുത്തു. ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോർഡിനേറ്റർ കെ. രൂപേഷ് കുമാർ സ്വാഗതവും അഡ്വഞ്ചർ ടൂറിസം സി ഇ ഒ ബിനു കുര്യാക്കോസ് നന്ദിയും പറഞ്ഞു.

Share this story